തെളിവുകള്‍ പുറത്ത്; എടവണ്ണയില്‍ കത്തിനശിച്ച പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

സ്ഥാപനത്തിന് ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെന്ന ഉടമയുടെ അവകാശവാദം കളവാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടശേഷം ഗോഡൗണ്‍ ഉടമ പി പി ഇല്യാസ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലിസ് പറയുന്നത്.

Update: 2019-02-24 04:33 GMT

മലപ്പുറം: എടവണ്ണ തൂവക്കാട് പടിഞ്ഞാറേക്കരയില്‍ കത്തിനശിച്ച പെയിന്റ് ഗോഡൗണ്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവന്നത് പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയെന്ന് വ്യക്തമാവുന്നു. സ്ഥാപനത്തിന് ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെന്ന ഉടമയുടെ അവകാശവാദം കളവാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടശേഷം ഗോഡൗണ്‍ ഉടമ പി പി ഇല്യാസ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലിസ് പറയുന്നത്. എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രണ്ടാഴ്ച മുമ്പ് പന്നിപ്പാറ സ്വദേശി മുഹമ്മദ് ഹുസൈന് നല്‍കിയ വിവരാവകാശ രേഖയിലാണ് ഗോഡൗണ്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്.

തീ കെടുത്താനുള്ളതടക്കമുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഗോഡൗണിലുണ്ടായിരുന്നുവെന്നും ടാങ്കര്‍ ലോറിയില്‍നിന്ന് ടിന്നര്‍ ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി തീപ്പിടിക്കുകയായിരുന്നുവെന്നുമാണ് ഉടമയുടെ വിശദീകരണം. തീ പടര്‍ന്നതോടെ അണയ്ക്കാന്‍ സാധിച്ചില്ലെന്നും തൊഴിലാളികളെ രക്ഷപ്പെടുത്തിയതും നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി രക്ഷപെടാന്‍ അവസരമൊരുക്കിയതും താനാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഒരുതരത്തിലുമുള്ള സുരക്ഷാ മുന്‍കരുതലും ഗോഡൗണിലുണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും തീപ്പിടിത്തത്തെ തുടര്‍ന്ന് ഭീതിയിലാണ് സമീപവാസികളെല്ലാം. കല്ലിങ്ങത്തൊടിയിലെ ഇല്യാസിന്റെ ഉടമസ്ഥതയിലുള്ള റഹ്മത്ത് പെയിന്റ്‌സ് ആന്റ് കെമിക്കല്‍സ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായത്.

പെയിന്റ്, സീലര്‍, ടിന്നര്‍ തുടങ്ങിയവ സൂക്ഷിച്ച ഗോഡൗണിന് തീപ്പിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ തീ ആളിപ്പടര്‍ന്നു. 15 ഫയര്‍ എന്‍ജിനുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള ഫയര്‍ എന്‍ജിനും മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. തീപ്പിടിത്തത്തില്‍ രണ്ട് ലോറിയും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ എടവണ്ണ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News