ഒതായി മനാഫ് വധക്കേസ്; ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവും പിഴയും
മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മനാഫ് വധക്കേസില്‍ മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരന്‍ ആണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി വി അന്‍വറിന്റെ സഹോദരീ പുത്രന്‍ ആണ് ഷഫീഖ്.
പിഴ തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴതുക രണ്ടാം സാക്ഷി ഫാത്തിമക്ക് കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരി ആണ് ഫാത്തിമ.1995 ഏപ്രില്‍ 13നാണ് പള്ളിപ്പറമ്പന്‍ മനാഫ് ഒതായി അങ്ങാടിയില്‍ വെച്ച് കൊല്ലപ്പെട്ടത്. മുന്‍ എം.എല്‍.എ, പിവി അന്‍വര്‍ ഉള്‍പ്പെടെ 26 പേര്‍ പ്രതികളായ കേസില്‍ ഒരാള്‍ മാപ്പ് സാക്ഷി ആവുകയും 24 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. വെറുതെ വിട്ടവര്‍ക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞു.30 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി.