മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ: വി ഡി സതീശന്‍

ലോകകേരള സഭയിലെ പ്രതിനിധി അല്ലാത്ത അനിത പുല്ലയില്‍ എങ്ങനെയാണ് അതീവസുരക്ഷാ മേഖലയായ നിയമസഭാ സമുച്ചയത്തില്‍ കയറിയത്.അവതാരങ്ങള്‍ക്ക് എവിടെയും കയറി പോകാന്‍ സാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. എല്ലാ കച്ചവടങ്ങളുടെയും പിന്നില്‍ ഓരോ അവതാരങ്ങളുണ്ട്. വന്‍ കമ്മീഷന്‍ കിട്ടുന്ന പദ്ധതികളുമായി വരുന്ന എല്ലാ അവതാരങ്ങളെയും സര്‍ക്കാര്‍ സ്വീകരിക്കും

Update: 2022-06-19 11:18 GMT

കൊച്ചി: ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോള്‍ പിണറായി വിജയന്‍ പ്രഖ്യാപിച്ചതെന്നും ഷാജ് കിരണിന് പിന്നാലെ അനിതാ പുല്ലയില്‍ കൂടി വന്നതോടെ പിണറായി വിജയന്റെ ഭരണത്തില്‍ ദശാവതാരങ്ങളായെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയാണിപ്പോള്‍. ലോകകേരള സഭയിലെ പ്രതിനിധി അല്ലാത്ത അനിത പുല്ലയില്‍ എങ്ങനെയാണ് അതീവസുരക്ഷാ മേഖലയായ നിയമസഭാ സമുച്ചയത്തില്‍ കയറിയത്? സി.പി.എം നേതാക്കള്‍ക്ക് ഇത്തരം ആളുകളുമായി ബന്ധമുണ്ട്. രണ്ട് ദിവസമായി ഇവര്‍ നിയമസഭയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാള്‍ മാത്രമാണ് അവരെ പുറത്താക്കിയത്. അവതാരങ്ങള്‍ക്ക് എവിടെയും കയറി പോകാന്‍ സാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

എല്ലാ കച്ചവടങ്ങളുടെയും പിന്നില്‍ ഓരോ അവതാരങ്ങളുണ്ട്. വന്‍ കമ്മീഷന്‍ കിട്ടുന്ന പദ്ധതികളുമായി വരുന്ന എല്ലാ അവതാരങ്ങളെയും സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വപ്‌നയെ എതിര്‍ക്കുകയാണ്. യോഗ്യത ഇല്ലാതിരുന്നിട്ടും ലക്ഷങ്ങള്‍ ശമ്പളം നല്‍കി കൊണ്ടു നടന്നതും ഇതേ സര്‍ക്കാരാണ്. ഇഷ്ടമില്ലാതായപ്പോള്‍ കേസെടുക്കുകയും അവരെ ഭീഷണിപ്പെടുത്തുകയുമാണ്. അതിജീവിത കേസിലും സിപിഎമ്മിലെ പ്രമുഖ നേതാക്കളായിരുന്നു ഇടനിലക്കാര്‍. ഇവര്‍ക്ക് ഇതു തന്നെയാണ് പണിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി സിപിഎം കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഭരണകക്ഷി അഴിഞ്ഞാടുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്. സംസ്ഥാനത്ത് വ്യാപകമായി അക്രമത്തിന് ആഹ്വാനം നല്‍കുകയാണ്. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെ സാക്ഷിയാക്കി. എന്ത് നീതി ബോധമാണ് ഈ സര്‍ക്കാരിനുള്ളതെന്നും വി ഡി സതീശന്‍ ചോദിച്ചു.തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ ഇറക്കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകും. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്. സംഘരിവാറും സി.പി.എമ്മും തമ്മില്‍ സെറ്റില്‍മെന്റ് ഉണ്ടാക്കി അന്വേഷണം അട്ടിമറിക്കപ്പെടുമെന്നതിനാലാണ് ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News