ഖാദര്‍ കമ്മിറ്റി റിപ്പോർട്ട്: പ്രതിപക്ഷ അധ്യാപക സംഘടനകൾ യോഗം ചേരും

നിരവധി മാനേജ്‌മെന്റുകള്‍ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അധ്യാപക സംഘടനകളുമായി ചർച്ച നടത്തി ഒരു സമവായത്തിലെത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിയമസഭയില്‍ അംഗത്വമുള്ള എല്ലാ കക്ഷികളുടെയും യോഗം ഇതു സംബന്ധിച്ച് വിളിച്ച് ചേര്‍ക്കാനും സര്‍ക്കാര്‍ തയ്യാറായില്ല.

Update: 2019-05-31 04:30 GMT

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചതിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി പ്രതിപക്ഷ അധ്യാപക സംഘടനകളുടെ യോഗം ഇന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. 

ഈ വിഷയത്തില്‍ പ്രതിപക്ഷ നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരികയും ഭാഗികമായി മാത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തുകയും ചെയ്തിട്ടും ഏക പക്ഷീയമായി ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരവധി മാനേജ്‌മെന്റുകള്‍ റിപ്പോർട്ട്  നടപ്പാക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അധ്യാപക സംഘടനകളുമായി ചർച്ച നടത്തി ഒരു സമവായത്തിലെത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിയമസഭയില്‍ അംഗത്വമുള്ള എല്ലാ കക്ഷികളുടെയും യോഗം ഇതു സംബന്ധിച്ച് വിളിച്ച് ചേര്‍ക്കാനും സര്‍ക്കാര്‍ തയ്യാറായില്ല.

തികച്ചും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ തയ്യാറാക്കിയ റിപ്പോർട്ട് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നപേരില്‍ അവതരിപ്പിക്കുകയായിരുന്നു. ഇടതു അധ്യാപക സംഘടനകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ മേല്‍ക്കൈ നേടിക്കൊടുക്കാന്‍ വേണ്ടി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണ്ണമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags: