ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം; നിയമനടപടിക്ക് പ്രതിപക്ഷം

വിഷയത്തില്‍ ഇന്നലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് നിയമനടപടിയെ കുറിച്ച് പ്രതിപക്ഷം ആലോചിച്ചത്.

Update: 2019-05-30 09:22 GMT

തിരുവനന്തപുരം: പ്രഫ.ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിനെതിരേ പ്രതിപക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നു. വിഷയത്തില്‍ ഇന്നലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് നിയമനടപടിയെ കുറിച്ച് പ്രതിപക്ഷം ആലോചിച്ചത്.

യുഡിഎഫിലെ ഘടക കക്ഷികളും ഇതിനെ അനുകൂലിക്കുന്നതായാണ് വിവരം. കൂടിയാലോചനകളില്ലാതെ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ അഡ്വ.കെ എന്‍ എ ഖാദറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടു നയിക്കാനാണ് ഘടനാമാറ്റം വരുത്തുന്നത്. ഓരോതലങ്ങളിലേയും അക്കാദമിക് സമൂഹവുമായി ആവശ്യമായ കൂടിയാലോചന നടത്തിയിട്ടില്ല. മൂന്ന് ഡയറക്ടറേറ്റുകളും ഒന്നാകുന്നതോടെ ഭരണപരമായ പ്രയാസങ്ങള്‍ ഉടലെടുക്കും.

അധികാരം കേന്ദ്രീകരിക്കുന്നതോടെ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലെ ഭരണനിര്‍വ്വഹണത്തില്‍ പാകപ്പിഴകളുണ്ടാകും. വിദ്യാഭ്യാസ രംഗത്തെ മികവിലേക്ക് എത്തിക്കാനുള്ള ഒരു നിര്‍ദ്ദേശവും ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലില്ല. കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിന് എതിരായ നിഗമനങ്ങളും ശുപാര്‍ശകളുമാണ് ഖാദര്‍ കമ്മീഷന്‍ മുന്നോട്ടു വെയ്ക്കുന്നത്. ഇടതു അദ്ധ്യാപക സംഘടനകള്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താനുള്ള നീക്കമാണ് റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്താനല്ല മറിച്ച് അസ്വസ്ഥത സൃഷ്ടിക്കാനാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത് തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

Tags:    

Similar News