കൊവിഡ് പ്രതിരോധം: രാഷ്ട്രീയ മുതലെടുപ്പിനും പിആർ വർക്കിനുമാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്ന് യുഡിഎഫ്

സ്പ്രിങ്ഗ്ലർ കേസിൽ ഹൈക്കോടതിവിധി പ്രതിപക്ഷത്തിന് അനുകൂലമെന്നും യോഗം വിലയിരുത്തി. രാഷ്ട്രീയമായും നിയമപരമായും സ്പ്രിങ്ഗ്ലർ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Update: 2020-04-28 10:15 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാനത്ത് രാഷ്ട്രീയ മുതലെടുപ്പിനും പിആർ വർക്കിനുമാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്നാണ് യുഡിഎഫ് യോഗത്തിൻ്റെ  വിലയിരുത്തൽ. എല്ലാ നേതാക്കളും ഇതേ അഭിപ്രായം യോജിച്ചു. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും യോഗത്തിന് ശേഷം യുഡിഎഫ് നേതാക്കൾ പറഞ്ഞു. അതേസമയം, സ്പ്രിങ്ഗ്ലർ കേസിൽ ഹൈക്കോടതിവിധി പ്രതിപക്ഷത്തിന് അനുകൂലമെന്നും യോഗം വിലയിരുത്തി. രാഷ്ട്രീയമായും നിയമപരമായും സ്പ്രിങ്ഗ്ലർ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

സംസ്ഥാനത്ത് കൊവിഡ് മാനേജ്മെന്റല്ല രാഷ്ട്രീയ മാനേജ്മെന്റാണ് സർക്കാർ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. സർക്കാരിന്റെ പൊള്ളത്തരങ്ങളും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അഴിമതികളും തുറന്നു കാട്ടണമെന്നാണ് യോഗത്തിലെ പൊതുവായ തീരുമാനം. കൊവിഡ് ടെസ്റ്റിങിൽ സർക്കാരിന് വൻ വീഴ്ച സംഭവിച്ചെന്നും യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. കൊവിഡ് ടെസ്റ്റിങ് സംബന്ധിച്ച കാര്യങ്ങളിൽ നേരത്തേ തന്നെ പരാതികൾ ഉയർന്നിരുന്നു. സംസ്ഥാനത്ത് ദേശീയതലത്തിലുള്ള ശരാശരിക്കനുസരിച്ചുള്ള കൊവിഡ് ടെസ്റ്റുകൾ നടക്കുന്നില്ലെന്ന വിമർശനം ശരിവയ്ക്കുന്നതാണ് കോട്ടയത്തും ഇടുക്കിയിലും ഏറ്റവും ഒടുവിലത്തെ ദിവസങ്ങളിലുണ്ടായ രോഗവ്യാപനമെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.

സർക്കാർ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ ശമ്പളത്തിൽ നിന്നും നീക്കി വയ്ക്കുന്ന തുക ഉദ്യോഗസ്ഥർക്ക് എന്ന് തിരികെ നൽകുമെന്ന് വ്യക്തമായി പറഞ്ഞാൽ മാത്രം സഹകരിച്ചാൽ മതി. പ്രവാസികളുടെ കാര്യത്തിൽ എത്രയും വേഗം അനുകൂല തീരുമാനം ഉണ്ടാകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഗവർണറെ കാണാനും യോഗത്തിൽ തീരുമാനമായി.

Tags:    

Similar News