സ്പിരിറ്റ്, മദ്യ ലോബികളുടെ കള്ളക്കടത്ത് തടയാന്‍ ഓപ്പറേഷന്‍ വിശുദ്ധി

പ്രധാനപ്പെട്ട സ്പിരിറ്റ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മുന്‍കുറ്റവാളികള്‍ എന്നിവരെ നിരീക്ഷിക്കുന്നതിനും കേസുകള്‍ കണ്ടെടുക്കുന്നതിനും പ്രത്യേക ടീമിനെ നിയോഗിച്ചു. പ്രധാന നിരത്തുകളില്‍ രാത്രികാല വാഹന പരിശോധന കര്‍ശനമാക്കി.

Update: 2019-09-07 11:31 GMT

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സ്പിരിറ്റ്, മദ്യ മയക്കുമരുന്നു ലോബികളുടെ കള്ളകടത്ത് തടയുന്നതിനുള്ള ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട സ്പിരിറ്റ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മുന്‍കുറ്റവാളികള്‍ എന്നിവരെ നിരീക്ഷിക്കുന്നതിനും കേസുകള്‍ കണ്ടെടുക്കുന്നതിനും പ്രത്യേക ടീമിനെ നിയോഗിച്ചു.

പ്രധാന നിരത്തുകളില്‍ രാത്രികാല വാഹന പരിശോധന കര്‍ശനമാക്കി. ലഹരിപദാര്‍ഥങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിനായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം രൂപീകരിച്ചു. ജില്ലയില്‍ രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ദ്രുതകര്‍മസേനകളെ സജ്ജമാക്കി. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളും, രഹസ്യവിവരങ്ങളും അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍. കെ. മോഹന്‍ കുമാര്‍ അറിയിച്ചു. ഫോണ്‍: സംസ്ഥാന കണ്‍ട്രോള്‍ റൂം, തിരുവനന്തപുരം 04712322825, ജില്ലാ കണ്‍ട്രോള്‍ റൂം പത്തനംതിട്ട 04682222873, ടോള്‍ ഫ്രീ നമ്പര്‍, പത്തനംതിട്ട 155358.

Tags:    

Similar News