മിന്നല്‍ പരിശോധന: അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ പണിമുടക്കി

ഇതേത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടി

Update: 2019-04-29 05:09 GMT
കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ പണിമുടക്കി. ഇതേത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടി. കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ ബസ്സുകളാണ് കൂടുതലായും പ്രതിഷേധത്തില്‍ പങ്കാളികളായത്. കാസര്‍കോട് മുതല്‍ മലപ്പുറം വരെ ബംഗളൂരുവിലേക്കുള്ള 50ലേറെ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഇതോടെ ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടി. കെഎസ്ആര്‍ടിസി ബസ്സുകള്‍ ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകള്‍ നടത്തിയാണ് പ്രശ്‌നം ഒരു പരിധി വരെ പരിഹരിച്ചത്. ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലുള്ള മിന്നല്‍ പരിശോധനയില്‍ അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസ്സുടമകള്‍ സൂചനാ പണിമുടക്ക് നടത്തിയത്. ഇന്ന് ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും തീരുമാനമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്നും ബസ്സുടമകള്‍ അറിയിച്ചു.


 

Tags:    

Similar News