നൈറ്റ് റൈഡേഴ്സ്: 102 ബസുകള്‍ക്കെതിരേ നടപടി; 2,85,000 രൂപ പിഴ ഈടാക്കി

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന 573 ബസുകള്‍ക്കെതിരെയാണ് ഇതുവരെ നടപടിയെടുത്തത്. പാലക്കാട് കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ കൂടുതലും നടക്കുന്നത്.

Update: 2019-05-02 07:51 GMT

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധനയില്‍ വീണ്ടും കുടുങ്ങി ലക്ഷ്വറി ബസുകള്‍. 102 ബസുകള്‍ക്കാണ് ഇന്നലെ പിടിവീണത്. ഇവരില്‍നിന്ന് പിഴയായി 2,85,000 രൂപ ഈടാക്കിയതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ലഭിച്ചത് 12,88,000 രൂപയാണ്.

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന 573 ബസുകള്‍ക്കെതിരെയാണ് ഇതുവരെ നടപടിയെടുത്തത്. പാലക്കാട് കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ കൂടുതലും നടക്കുന്നത്. ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റായ വാളയാര്‍ ടോള്‍പ്ലാസയില്‍, രാത്രിയില്‍ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളിലാണ് പരിശോധന.

പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചതിനാണ് ബസുകള്‍ക്കെതിരെ നടപടി. ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികളും ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ട്. യാത്രക്കാരുടെ ലഗേജുകള്‍ക്ക് അധികനിരക്ക് ഈടാക്കുക, യാത്രക്കാരുടേതല്ലാത്ത ചരക്കുകള്‍ കടത്തുക, മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാരെ കയറ്റുക എന്നിവയും വാഹന പെര്‍മിറ്റ്, ടാക്‌സ്, ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ ലൈസന്‍സ് എന്നിവയും പരിശോധിക്കുന്നുണ്ട്.

മോട്ടോര്‍ വാഹനവകുപ്പ്, പോലിസ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി ശിവകുമാര്‍ പറഞ്ഞു.

Tags:    

Similar News