ശശീന്ദ്രന്‍ വേണ്ട; എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി
ഇന്നത്തെ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും ശശീന്ദ്രനും ഉണ്ടായിരുന്നു.
കോഴിക്കോട്: കോഴിക്കോട് എന്‍സിപി ജില്ലാ നേതൃ യോഗത്തില്‍ ബഹളം. നേതാക്കള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നതോടെയാണ് സംഭവം കയ്യാങ്കളിയില്‍ കലാശിച്ചത്. എലത്തൂരില്‍ ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.
പാര്‍ട്ടിക്ക് ജില്ലയില്‍ ലഭിക്കുന്ന സീറ്റില്‍ പുതുമുഖങ്ങളെ മൽസരിപ്പിക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ നിര്‍വാഹക സമിതി യോഗത്തിലും ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. എട്ടുതവണ മത്സരിച്ച എകെ ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്നായിരുന്നു വടകര, മേപ്പയ്യൂര്‍, കൊയിലാണ്ടി ബ്ലോക്കുകളില്‍ നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടത്. അന്ന് എകെ ശശീന്ദ്രന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം നടന്നതെങ്കില്‍ ഇന്നത്തെ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും ശശീന്ദ്രനും ഉണ്ടായിരുന്നു.
എകെ ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായി. ഇനി ജില്ലയില്‍ നിന്നുള്ളവര്‍ക്ക് അവസരം നല്‍കണം. സിപിഎമ്മിലും സിപിഐയിലും പോലും മൂന്ന് ടേം മത്സരിക്കുകയെന്ന് കര്‍ശനമാക്കുമ്പോള്‍ എന്‍സിപിയില്‍ ഒരാള്‍ തന്നെ എട്ട് തവണ മത്സരിക്കുന്നത് ശരിയാണോയെന്ന ചോദ്യമാണ് ഉയര്‍ന്നത്. ശശീന്ദ്രന് വീണ്ടും മൽസരിക്കാന്‍ അവസരം നല്‍കരുതെന്ന ആവശ്യം പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലും ഉയര്‍ന്നിരുന്നു.