ശമ്പളപരിഷ്‌കരണം: ഒപി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍

അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒപിയില്‍ ചികില്‍സ തേടിയെത്തിയ രോഗികള്‍ പെരുവഴിയിലായി.

Update: 2019-11-20 04:29 GMT

തിരുവനന്തപുരം: ശമ്പളവര്‍ധന ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. രാവിലെ 8 മുതല്‍ 10 വരെ രണ്ടുമണിക്കൂര്‍ നേരത്തേക്കായിരുന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒപിയില്‍ ചികില്‍സ തേടിയെത്തിയ രോഗികള്‍ പെരുവഴിയിലായി. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഒപികളില്‍ സേവനമനുഷ്ഠിച്ചത്. ഭൂരിഭാഗം ഡോക്ടര്‍മാരും വിട്ടുനിന്നതോടെ രോഗികളുടെ കാത്തിരിപ്പ് നീണ്ടു. സമരത്തെക്കുറിച്ച് അറിയാതെയാണ് രാവിലെ മിക്കവരും ആശുപത്രിയിലെത്തിയത്.

സൂചനാസമരംകൊണ്ടു ഫലമില്ലെങ്കില്‍ ഈമാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെജിഎംസിടിഎ) തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫിസ്, കോളജ് പ്രിന്‍സിപ്പല്‍മാരുടെ ഓഫിസ് എന്നിവയ്ക്കു മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണയും പ്രകടനവും നടത്തി. 13 വര്‍ഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെന്നാരോപിച്ചായിരുന്നു സൂചനാ പണിമുടക്ക്. 2016 മുതല്‍ ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാരിനെ പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2009 ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പളപരിഷ്‌കരണം അവസാനമായി നടപ്പാക്കിയത്.

Tags:    

Similar News