വീരേന്ദ്രകുമാര്‍ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി: ഉമ്മന്‍ ചാണ്ടി

സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകളെ കേരളമെന്നും സ്മരിക്കും.

Update: 2020-05-29 05:15 GMT

തിരുവനന്തപുരം: പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എം പി വീരേന്ദ്രകുമാര്‍ എംപിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകളെ കേരളമെന്നും സ്മരിക്കും. മാനുഷിക മൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്കിയ പ്രാധാന്യം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികിത്സ വയനാട്ടിലും ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വയനാട്ടിലും തുടങ്ങണമെന്ന ആശയം നടപ്പിലാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് പ്രോത്സാഹനം നല്കിയത് വീരേന്ദ്രകുമാറാണ്. മെഡിക്കല്‍ കോളജിന് ആവശ്യമായ മുഴുവന്‍ സ്ഥലവും വീരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായി നല്കിയത് എന്നും ഓര്‍ക്കും. യോജിച്ചു പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ത ചേരിയില്‍ നിന്നു പ്രവര്‍ത്തിച്ചപ്പോഴും എന്നോട് സൗഹൃദം പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Tags: