സുരക്ഷയ്ക്ക് മാസ്‌ക് മാത്രം; പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍
കഴിഞ്ഞദിവസം കണ്ണൂരിലും തിരുവനന്തപുരത്തും ഇത്തരം ഡ്യൂട്ടിയെടുത്ത രണ്ട് ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്.
പെരിന്തല്‍മണ്ണ: വിമാനത്താവളത്തില്‍നിന്ന് പ്രവാസി യാത്രക്കാരെ വിവിധ സ്ഥലങ്ങളിലെത്തിക്കാനായി പോവേണ്ട കെഎസ്ആര്‍ടിസി ബസ്സുകളില്‍ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്തതിനാല്‍ പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍. പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കണ്ണൂരിലും തിരുവനന്തപുരത്തും ഇത്തരം ഡ്യൂട്ടിയെടുത്ത രണ്ട് ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി പെരിന്തല്‍മണ്ണയില്‍നിന്ന് 5 ബസ്സുകള്‍ അയയ്ക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. സാധാരണ മലപ്പുറം, കോഴിക്കോട് ഡിപ്പോകളില്‍നിന്നുള്ള കാബിനുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. എന്നാല്‍, ഇത് തികയാതെ വന്നതോടെയാണു പെരിന്തല്‍മണ്ണയില്‍നിന്ന് ബസ് അയയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍മാരുടെ കാബിന്‍ വേര്‍തിരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, കാബിന്‍ വേര്‍തിരിച്ച ബസ്സുകളൊന്നും പെരിന്തല്‍മണ്ണ ഡിപ്പോയിലില്ല. സാധാരണ ബസ്സില്‍ മാസ്‌ക് മാത്രം ധരിച്ചുപോവാന്‍ നിര്‍ദേശം ലഭിച്ചതോടെയാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചത്. ഇതോടെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ആരോഗ്യവകുപ്പ് അധികൃതരും ഇടപെട്ടു. ഡ്യൂട്ടിയെടുത്തില്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ ഡ്രൈവര്‍മാര്‍ പോവാന്‍ തയ്യാറാവുകയായിരുന്നു. വൈകീട്ട് മൂന്നോടെയാണ് 4 ഡ്രൈവര്‍മാരുമായി രണ്ട് ബസ്സുകള്‍ പുറപ്പെട്ടത്. മാസ്‌ക് മാത്രം ധരിച്ചായിരുന്നു യാത്ര. അതേസമയം, ഇവര്‍ക്ക് പിപിഇ കിറ്റ് ആരോഗ്യവകുപ്പ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
