സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരുകുട്ടി മരിച്ചു, ഒരു കുട്ടിക്കായി തിരച്ചില്‍
പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടിയെ കാണാനില്ല. ഓട്ടോയിലുണ്ടായിരുന്ന യദുകൃഷ്ണന്‍(4) എന്ന വിദ്യാര്‍ഥിയെയാണ് കാണാതായത്. ഇതോടെ കുട്ടിയെ കണ്ടെത്താനായി തോട്ടിലും സമീപത്തും രാത്രിയും തിരച്ചില്‍ തുടരുകയാണ്.
ബുധനാഴ്ച വൈകീട്ടാണ് പത്തനംതിട്ട തൂമ്പാക്കുളത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തൂമ്പാക്കുളം സ്വദേശിനിയായ ആദിലക്ഷ്മി(7) മരിച്ചിരുന്നു. ഓട്ടോയില്‍ ആകെ അഞ്ചുകുട്ടികളുണ്ടായിരുന്നതായാണ് ആദ്യം കരുതിയിരുന്നത്. പരിക്കേറ്റ മറ്റുകുട്ടികളെയും ഡ്രൈവറെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയായ യദുകൃഷ്ണനെ കാണാനില്ലെന്ന സംശയമുയര്‍ന്നത്. ഓട്ടോയില്‍ ആകെ ആറുകുട്ടികളുണ്ടായിരുന്നതായും പറയുന്നു.
വൈകീട്ട് നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ പാമ്പിനെ കണ്ടപ്പോള്‍ അതിന് മുകളിലൂടെ കയറാതിരിക്കാനായി ഓട്ടോ വെട്ടിച്ചെന്നും ഇതോടെയാണ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതെന്നുമാണ് വിവരം.