സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരുകുട്ടി മരിച്ച സംഭവം; കാണാതായ മറ്റൊരു കുട്ടിയും മരിച്ചു
പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരന്‍ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. അപകട സ്ഥലത്ത് കാണാതായ കുട്ടിക്ക് വേണ്ടി ഫയര്‍ഫോഴ്‌സ് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ആദിലക്ഷ്മി(7)യുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.