വയോധികയെ കൊലപ്പെടുത്തി; മകളും ചെറുമകനും അറസ്റ്റിൽ

കൊച്ചുപാർവതി മരിച്ചതിൽ ദുരൂഹത ഉയർന്നതോടെ പോലിസ് വീട്ടിൽ എത്തിയപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.

Update: 2020-04-26 10:45 GMT

കൊല്ലം: വയോധിക മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞതിനു പിന്നാലെ മകളും ചെറുമകനും അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ചയാണ് പുത്തൻകുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടിൽ കൊച്ചുപാർവതി(88) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുപാർവതിയുടെ മകൾ ശാന്തകുമാരി (64), ചെറുമകൻ സന്തോഷ് (43) എന്നിവരെ പരവൂർ പോലിസ് അറസ്റ്റ് ചെയ്തു.

കൊച്ചുപാർവതി മരിച്ചതിൽ ദുരൂഹത ഉയർന്നതോടെ പോലിസ് വീട്ടിൽ എത്തിയപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. അയൽവാസികളോട് വിവരം തിരക്കിയപ്പോൾ മൂവരും ചേർന്ന് വാക്കുതർക്കം ഉണ്ടായതായി പോലിസിനു വിവരം ലഭിച്ചു. സംശയം തോന്നിയ പോലിസ് സംസ്കരണ ചടങ്ങുകൾ നിർത്തിവച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്തു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

തുടർന്ന് ശാന്തകുമാരിയെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സന്തോഷ് കൊച്ചുപാർവതിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നതിനിടെ തലയിടിച്ചതാണ് മരണകാരണം. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Tags: