കോട്ടയം വാകത്താനത്ത് വയോധികന് വെട്ടേറ്റ് മരിച്ച നിലയില്‍
ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധസംഘവും സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
കോട്ടയം: വാകത്താനത്ത് വയോധികനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോടാലിക്ക് വെട്ടേറ്റ് തലപിളര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തിയത്. പൊങ്ങത്താനം മുടിത്താനംകുന്ന് കരപ്പാറയില്‍ ചാക്കോ (കുഞ്ഞൂഞ്ഞ്- 78) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചാക്കോയും വയോധികയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചതായും തീയും പുകയും ഉയരുന്നതായും വാകത്താനം പോലിസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. ഇതനുസരിച്ച് വാകത്താനം എസ്എച്ച്ഒ കെ പി ടോംസന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് ചാക്കോയുടെ മൃതദേഹം വീട്ടുമുറ്റത്ത് കണ്ടത്. ഇതിന് സമീപത്തുനിന്ന് കോടാലിയും കണ്ടെത്തി.
ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധസംഘവും സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ചാക്കോയും അയല്‍വാസികളില്‍ ചിലരുമായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായാണ് പോലിസിന് ലഭിച്ച വിവരം. ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.