തലച്ചോര്‍ തിന്നുന്ന അമീബ; പെരിന്തല്‍മണ്ണയില്‍ പത്തുവയസ്സുകാരി മരിച്ചത് അപൂര്‍വ മസ്തിഷ്‌കജ്വരത്താല്‍

Update: 2019-05-18 14:39 GMT

പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം പത്തുവയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചുതന്നെയെന്ന് സ്ഥിരീകരണം. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച സാംപിളുകളിലാണ് അപൂര്‍വ മസ്തിഷ്‌കജ്വരം ബാധിച്ചതായി കണ്ടെത്തിയത്. ഇന്നലെ ഡിഎംഒ കെ സക്കീനയുടെ നേതൃത്വത്തില്‍ ആരോഗ്യവിദഗ്ധര്‍ യോഗം ചേര്‍ന്ന് പ്രതിരോധനടപടികള്‍ക്ക് രൂപംനല്‍കുകയും ചികിൽസാ പ്രോട്ടോക്കോള്‍ രൂപവല്‍ക്കരിക്കുകയും ചെയ്തു.

പനി ബാധിച്ചാണ് അരിപ്ര ചെറിയച്ഛന്‍ വീട്ടില്‍ സുരേന്ദ്രന്റെ (കെ വി ജ്വല്ലറി അങ്ങാടിപ്പുറം) മകള്‍ ഐശ്വര്യ(10) മരിച്ചത്. അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഐശ്വര്യയുടെ വീട് ആരോഗ്യ വകുപ്പ് സന്ദര്‍ശിച്ചിരുന്നു അമ്മ പ്രീത (എംഇഎസ് ആശുപത്രി ജീവനക്കാരി) സഹോദരന്‍ അജിത്ത് (അരീക്കോട് ഗവ. ഐടിഐ വിദ്യാര്‍ഥി) മെനിഞ്ചൈറ്റിസ് ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍നിന്ന് രക്തസാംപിളുകള്‍ ശേഖരിക്കാനും പരിശോധനയ്ക്കയയ്ക്കാനും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ കോര്‍ത്തിണക്കി പ്രത്യേകസംവിധാനമൊരുക്കി. 2016ല്‍ ആലപ്പുഴയില്‍ പെണ്‍കുട്ടി മരിച്ചതാണ് കേരളത്തിലെ ആദ്യ അമീബിക് മെനിഞ്ചൈറ്റിസ് മരണം.'തലച്ചോര്‍ തിന്നുന്ന അമീബ' എന്നു വിശേഷണമുള്ള നീഗ്ലേറിയ ഫൗളേറി അമീബ ജലത്തില്‍നിന്ന് മൂക്കുവഴിയാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക. ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തില്‍ കടക്കാം. നേരിട്ട് വെയിലേല്‍ക്കുന്ന ജലാശയമായാല്‍പോലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു താങ്ങാന്‍ ഈ അമീബയ്ക്കു കഴിയും. നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നതു വഴി മരണം സംഭവിക്കാം. കടുത്ത പനി, തലവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് കഴുത്തുവേദനയും മാനസികാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളില്‍ സാധാരണ കാണാറുള്ള അമീബയാണെങ്കിലും അപൂര്‍വമായാണ് മെനിഞ്ചൈറ്റിസിനു കാരണമാകുന്നത്.



Similar News