പ്രവാസി വായ്പയും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തൊപ്പി യൂസഫ് അറസ്റ്റില്‍

ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെത്തുന്ന പ്രായമായ സ്ത്രീകളോട് പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പരിചയപ്പെട്ട ശേഷം അവരുടെ മക്കളുടെയും സ്ഥലത്തെ പ്രമുഖരുടെയും സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിവന്നത്.

Update: 2020-12-26 18:00 GMT

മാള (തൃശൂര്‍): മൂന്നുവര്‍ഷത്തോളമായി എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വായ്പയും ജോലിയും വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. നാട്ടിക ബീച്ച് പാട്ടത്ത് യൂസഫിനെ (40) ആണ് തൃശൂര്‍ റൂറല്‍ എസ്പി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെത്തുന്ന പ്രായമായ സ്ത്രീകളോട് പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പരിചയപ്പെട്ട ശേഷം അവരുടെ മക്കളുടെയും സ്ഥലത്തെ പ്രമുഖരുടെയും സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. വായ്പ അനുവദിക്കുന്നതിനും മറ്റ് രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കുമായി ഉടന്‍ പണം വേണമെന്ന് പറഞ്ഞാണ് സ്വര്‍ണാഭരണങ്ങളും പക്കലുള്ള പണവും തട്ടിയെടുത്തിരുന്നത്.

സിസിടിവിയില്‍ മുഖം ദൃശ്യമാവാതിരിക്കാന്‍ തൊപ്പികൊണ്ട് മുഖം മറച്ചിരിക്കും. കൊവിഡ് കാലമായതിനാല്‍ മാസ്‌ക് ധരിക്കുന്നതിന് പകരം വലിയ ടവല്‍ കൊണ്ട് മുഖം മറക്കുകയാണ് പതിവ്. വേഷം മാറിയെത്തിയ അന്വേഷണസംഘം പ്രവാസി വായ്പ തരപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയെ സമീപിക്കുകയും അറസ്റ്റുചെയ്യുകയുമായിരുന്നു. കൈപ്പമംഗലം സ്വദേശിനിയായ 65കാരിയുടെ രണ്ടര പവന്റെ സ്വര്‍ണമാല, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി 75കാരിയുടെ ഒന്നര പവന്റെ സ്വര്‍ണമാല, ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിനിയുടെ മുക്കാല്‍ പവന്റെ സ്വര്‍ണമാല തുടങ്ങിയ ഇയാള്‍ തട്ടിയെടുത്തതായി പോലിസ് അറിയിച്ചു.

Tags: