ബിജെപി കുഴൽപ്പണ ഇടപാട്: ഒബിസി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപ്പു കോൺഗ്രസിലേക്ക്

അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-06-09 09:56 GMT

തൃശൂർ: ഒബിസി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപ്പു കോൺഗ്രസിലേക്ക്. ബിജെപി കുഴൽപ്പണ ഇടപാടിൽ പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് ഋഷി പൽപ്പുവിനെ പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി ഋഷി വ്യക്തമാക്കി.

അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജനാധിപത്യ രീതിയിലുള്ള വിമർശനം പോലും അംഗീകരിക്കാത്ത പാർട്ടിയാണെന്നാണ് ഋഷിയുടെ വിമർശനം.

ജനാധിപത്യത്തിന് കരുത്തുപകരാന്‍ അതികായന്മാര്‍ പ്രതിപക്ഷ നേതൃനിരയില്‍ എത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസിന് ഉണര്‍വുനല്‍കാന്‍ സുധാകരന്‍റെ നേതൃത്വത്തിന് കഴിയട്ടേയെന്നും ഋഷി പറഞ്ഞു. കുറച്ചുദിവസം മുമ്പ് കെ സുധാകരനുമായി ഋഷി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു.

കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഋഷി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. പിന്നാലെ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് ഈ നടപടിയെന്ന് ഋഷി അന്ന് പ്രതികരിച്ചിരുന്നു.