പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രമേയം: ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ഒ രാജഗോപാൽ

പ്രമേയത്തിനെതിരേ രാജഗോപാൽ എതിര്‍പ്പ് അറിയിക്കാത്തതും വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതും വലിയ വിവാദം ആയിരുന്നു.

Update: 2020-02-03 06:16 GMT

തിരുവനന്തപുരം: കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ  പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. ഇക്കാര്യം ആവശ്യപ്പെട്ട് രാജഗോപാൽ ഭേദഗതി നോട്ടീസ് നൽകി.

പ്രമേയത്തിനെതിരേ രാജഗോപാൽ എതിര്‍പ്പ് അറിയിക്കാത്തതും വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതും വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് ഭേദഗതി നോട്ടീസുമായി രാജഗോപാൽ നിയമസഭയിൽ എത്തിയത്.

പ്രമേയം പാസാക്കാൻ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാൽ പ്രമേയത്തെ എതിര്‍ക്കുകയോ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാൽ എതിര്‍പ്പ് രേഖപ്പെടുത്താത്തതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി അംഗീകരിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കികിയിരുന്നു.  

ഇതേത്തുതുടര്‍ന്ന് ഒ രാജഗോപാലിനെതിരെ പാര്‍ട്ടിക്കകത്ത് വലിയ എതിർപ്പ് ഉയര്‍ന്നിരുന്നു. ഭൂരിപക്ഷമുള്ളതിനാൽ എതിര്‍ത്തിട്ട് കാര്യമില്ലെന്നായിരുന്നു അന്ന് രാജഗോപാലിന്റെ പ്രതികരണം. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഭേദഗതി നോട്ടീസ് നൽകാൻ തീരുമാനമായത്.

Tags: