യു.പിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം: പ്രതിപക്ഷനേതാവ് പ്രതിഷേധിച്ചു
തിരുവനന്തപുരം: ട്രയില്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. ഈ സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ രണ്ടു യുവസന്യാസിനികള്‍ക്കും വിദ്യാര്‍ഥിനികളായ രണ്ട് സന്യാസിനികള്‍ക്കും നേരെയാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോവുകയാണെന്നാരോപിച്ച് ആക്രമികള്‍ ബഹളം വച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ പോലിസ് ബലമായി ട്രയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി ഭരണത്തിന് കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം. ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമുള്ളവരല്ല ഈ കന്യാസ്ത്രീകള്‍. അവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രയിനില്‍ ഒഡീഷയിലേക്ക് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് വഴി യാത്ര ചെയ്തു എന്നേയുള്ളു. കൂടെയുണ്ടായിരുന്നതും വിദ്യാര്‍ഥിനികളായ കന്യാസ്ത്രീകളായിരുന്നു. എന്നിട്ടും ഉത്തര്‍പ്രദേശിലെ നിയമം ഉപയോഗിച്ച് അവരെ കുടുക്കാനാണ് പോലിസ് ശ്രമിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും വനിതാ പോലിസിന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ ട്രയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി പോലിസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പോലിസ് സാന്നിദ്ധ്യത്തില്‍ തന്നെ കന്യാസ്ത്രീകളെ അവഹേളിക്കാന്‍ വലിയ ഒരു ജനക്കൂട്ടത്തെ അനുവദിച്ചുവെന്നും അ്‌ദ്ദേഹം വാര്‍്ത്താക്കുറുപ്പില്‍ പറഞ്ഞു.