ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം വൈകുന്നു; കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിന് ; ഏപ്രില്‍ ആറിന് കൊച്ചിയില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

ഈ മാസം ആറിന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കുന്നത്.വൈകുന്നേരം 3.30 ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ കൂടാതെ നിയമ,സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും

Update: 2019-04-01 16:03 GMT

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റ പത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിക്കുന്നു.ഈ മാസം ആറിന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കുന്നത്.വൈകുന്നേരം 3.30 ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ കൂടാതെ നിയമ,സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കുമെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വിനര്‍ ഫെലിക്‌സ് പുല്ലൂടന്‍,ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി എന്നിവര്‍ പറഞ്ഞു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ 2018 സെപ്റ്റംബര്‍ 21 നാണ് ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലിസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ബിഷപിനെതിരെ പരാതി നല്‍കിയിട്ടും പോലിസ് അറസ്റ്റും അന്വേഷണവും വൈകിപ്പിച്ചതോടെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പരസ്യമായി തെരുവില്‍ സമരവുമായി രംഗത്തു വരികയായിരുന്നു. ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടത്തിയ കന്യാസ്ത്രീകളുടെ സമരം കേരളം ഏറ്റെടുത്തതോടെയാണ് വീണ്ടും പോലീസ് അന്വേഷണം ശക്തമാക്കുകയും ഒടുവില്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് റിമാന്റിലായിരുന്ന ബിഷപ് ഫ്രാങ്കോ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ കുറ്റ പത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്. ഇതിനെതിരെ ഏതാനും ദിവസം മുമ്പ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ് പി ഹരിശങ്കറെ കണ്ട് പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് സഭാ നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും പലരെയും സ്ഥലം മാറ്റി കേസ് ദുര്‍ബലപ്പെടുത്തി സാക്ഷി പറയുന്നതില്‍ നിന്നും തടയാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കന്യാസത്രീകള്‍ പരാതിപ്പെട്ടിരുന്നു.

ഉടന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ് പി ഉറപ്പു നല്‍കിയെന്നായിരുന്നു പിന്നീട് കന്യാസ്ത്രീകള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കുറ്റ പത്രം നല്‍കാന്‍ വൈകിയാല്‍ തങ്ങള്‍ സമരവുമായി വീണ്ടും തെരുവിലറങ്ങുമെന്നും അതിന് ഇടവരുത്തരുതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി വീണ്ടും രംഗത്തു വരുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. 

Tags: