കൊവിഡ് രോഗികളുടെ എണ്ണം കൂടി; പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

പ്രതിസന്ധി ഉടലെടുത്തതിനെത്തുടര്‍ന്ന് ജില്ലയിലെ സ്വകാര്യാശുപത്രിയില്‍നിന്ന് സിലിണ്ടറുകള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ സ്ഥിതി ഗുരുതരമല്ലെന്നും പ്രശ്‌നങ്ങള്‍ താത്കാലികമായി പരിഹരിച്ചെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

Update: 2021-04-29 07:27 GMT

പത്തനംതിട്ട: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി. പ്രതിസന്ധി ഉടലെടുത്തതിനെത്തുടര്‍ന്ന് ജില്ലയിലെ സ്വകാര്യാശുപത്രിയില്‍നിന്ന് സിലിണ്ടറുകള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ സ്ഥിതി ഗുരുതരമല്ലെന്നും പ്രശ്‌നങ്ങള്‍ താത്കാലികമായി പരിഹരിച്ചെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. കൊവിഡ് രോഗികളെ കൊണ്ട് പത്തനംതിട്ട ജനറല്‍ ആശുപത്രി നിറഞ്ഞിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയുടെ സഹായം തേടാന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതരായത്. സ്വകാര്യാശുപത്രിയില്‍നിന്ന് ആറ് സിലിണ്ടര്‍ ഓക്‌സിജന്‍ ഇതിനോടകമെത്തിച്ചു.

ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ കൊവിഡ് ബാധിച്ചവരെ ചികില്‍സിക്കുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. 123 കൊവിഡ് രോഗികളാണ് നിലവില്‍ ചികില്‍സയിലുള്ളത്. 15 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയില്‍ കൂടുതല്‍ ഓക്‌സിജന്റെ ആവശ്യമാവുന്നത്. ആകെ 93 സിലിണ്ടറുകളുണ്ടെങ്കിലും കരുതല്‍ ശേഖരത്തിലുള്ളവയില്‍ ഭൂരിഭാഗവും കാലിയാണ്. ഓക്‌സിജന്‍ സിലിണ്ടറുകളുടെയും അപര്യാപതതയുമുണ്ട്.

അടിയന്തര ഘട്ടതത്തെ നേരിടാന്‍ കരുതല്‍ ശേഖരത്തിലേക്കാണ് ഇന്നലെയും ഇന്നുമായി 26 സിലിണ്ടറുകളെത്തിച്ചത്. സ്വകാര്യമേഖലയുടെ സഹായത്തോടെ എറണാകുളത്തുനിന്ന് കൂടുതല്‍ സിലിണ്ടറുകള്‍ ഉടനെത്തിക്കും. കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു സ്വകാര്യാശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായപ്പോള്‍ ജനറല്‍ ആശുപത്രിയിലെ കരുതല്‍ ശേഖരത്തില്‍നിന്നാണ് ഓക്‌സിജനെത്തിച്ചത്. അതേസമയം, കൊവിഡ് പ്രതിരോധത്തിലും ചികില്‍സയിലും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ കൊവിഡ് വ്യാപനത്തിന് കാരണമിതാണെന്നും അവര്‍ ആരോപിക്കുന്നു.

Tags:    

Similar News