സര്‍ക്കാര്‍ അനുകൂല നിലപാടില്‍ ഉറച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍

Update: 2025-09-27 08:00 GMT

കോട്ടയം: സര്‍ക്കാര്‍ അനുകൂല നിലപാടില്‍ ഉറച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍. തന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം.സുകുമാരന്‍ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു പ്രതികരണം. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റിച്ചര്‍ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടക്കുന്നത്. ശബരിമല വിഷയത്തിലെ ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കാര്‍ അനുകൂല നിലപാട് യോഗത്തില്‍ ഉയര്‍ന്നേക്കും. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചര്‍ച്ചയായേക്കും.




Tags: