മടങ്ങിവരുന്ന പ്രവാസികൾക്ക് ഇ​ള​വു​മാ​യി സ​ർ​ക്കാ​ർ; കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പി​പി​ഇ കി​റ്റ് മ​തി

സൗദി, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പരിശോധന നടത്താൻ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാക്കും.

Update: 2020-06-24 06:30 GMT

തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിൽ ഇളവുമായി സംസ്ഥാന സർക്കാർ. കൊ​വി​ഡ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​വ​ർ​ക്ക് ഇളവുകൾ നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 

പ​രി​ശോ​ധ​നാ​സൗ​ക​ര്യം ഇല്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാം. സൗ​ദി, ഒ​മാ​ൻ, ബെ​ഹ്റി​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു മ​ട​ങ്ങാ​നാ​ണ് ഇ​ള​വ്. പി​പി​ഇ കി​റ്റ് ധ​രി​ക്കു​ന്ന​തു​മൂ​ലം കൊ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് പു​തി​യ തീ​രു​മാ​നം. പി​പി​ഇ കി​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരുമെന്നതിൽ വ്യക്തതയായിട്ടില്ല.

സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കൊവിഡ് 19 പരിശോധന നടത്താൻ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ, പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് കൊവിഡ് 19 പരിശോധനാ സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാക്കും.

പ്രവാസികൾ കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങിയേ വരാവൂ എന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. എന്നുമുതൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കും എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടറിയാം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സെക്രട്ടറിതല ചർച്ചയിൽ അന്തിമതീരുമാനം ഉണ്ടാകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് തീരുമാനം.

Tags: