പ്രവാസിയുടെ ആത്മഹത്യ: സിപിഎം രാഷ്ട്രീയവിശദീകരണ യോഗം ഇന്ന് ആന്തൂരില്‍

വൈകീട്ട് അഞ്ചുമണിക്ക് ആന്തൂര്‍ ധര്‍മശാലയില്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്നലെ നടന്ന കോടല്ലൂര്‍, ആന്തൂര്‍, ബക്കളം ലോക്കല്‍ കമ്മിറ്റികളിലും എം വി ഗോവിന്ദന്റെ ഭാര്യ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരേ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.

Update: 2019-06-22 03:07 GMT

കണ്ണൂര്‍: 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം ഇന്ന് ആന്തൂരില്‍ രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചുമണിക്ക് ആന്തൂര്‍ ധര്‍മശാലയില്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്നലെ നടന്ന കോടല്ലൂര്‍, ആന്തൂര്‍, ബക്കളം ലോക്കല്‍ കമ്മിറ്റികളിലും എം വി ഗോവിന്ദന്റെ ഭാര്യ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരേ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.

ശ്യാമളയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ഇത് സംഘടനാപാരമായി പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശ്യാമളയ്‌ക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. പൊതുസമൂഹത്തില്‍നിന്നും വിമര്‍ശനം ശക്തമായി. ഇപ്പോഴത്തെ സംഭവത്തിന്റെ പേരില്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ രണ്ടുചേരി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ അടിയന്തരമായി പൊതുയോഗം സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. പ്രവാസി വ്യവസായി കണ്‍വന്‍ഷന്‍ സെന്ററിന് അനുമതിക്കായി നഗരസഭയില്‍ അപേക്ഷ നല്‍കിയത് മുതലുള്ള കാര്യങ്ങള്‍ യോഗത്തില്‍ നേതാക്കള്‍ വിശദീകരിക്കും.

പി കെ ശ്യാമളയ്‌ക്കെതിരേ പാര്‍ട്ടി സ്വീകരിക്കുന്ന നടപടിയടക്കമുള്ള സംഭവങ്ങള്‍ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ചര്‍ച്ചയാവും. സംഭവത്തില്‍ വീഴ്ചവരുത്തിയ നാല് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം, പികെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഇന്ന് തുടര്‍നടപടികളുണ്ടാവും. കേസില്‍ പോലിസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ഇന്നലെ ബീനയുടെ മൊഴിയെടുത്തിരുന്നു. കണ്‍വന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തിയ വിജിലന്‍സ് ടൗണ്‍ പ്ലാനിങ് വിഭാഗം ശനിയാഴ്ച റിപോര്‍ട്ട് നല്‍കിയേക്കും. 

Tags:    

Similar News