എന്‍പിആര്‍: വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് തഹസില്‍ദാര്‍; വിവാദമായപ്പോള്‍ കത്ത് റദ്ദാക്കി

ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Update: 2020-01-16 12:23 GMT

കോഴിക്കോട്: കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊളിഞ്ഞു. എന്‍പിആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് തഹസില്‍ദാര്‍ അയച്ച കത്ത് പുറത്തുവന്നതോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. സൂപ്പര്‍ വൈസര്‍മാരെയും എന്യൂമറേറ്റര്‍മാരെയും നിയമിക്കാനുള്ള അധ്യാപകരുടെ പേര് നല്‍കാനാണ് സര്‍ക്കുലര്‍.


 ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് എന്‍പിആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള സെന്‍സസ് നടക്കുക. ജനുവരി 22ന് മുമ്പായി ഓഫിസില്‍ അധ്യാപകരുടെ പേര് വിവരങ്ങള്‍ നല്‍കാനും തഹസില്‍ദാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, സംഭവം വിവാദമായതിനെത്തുടര്‍ന്ന് താമരശ്ശേരി തഹസില്‍ദാര്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുള്ള കത്ത് റദ്ദാക്കി. എന്‍പിആര്‍ എന്നത് കത്തില്‍ തെറ്റായി കടന്നുകൂടിയതാണ്. സെന്‍സസ് എന്നാണ് ഉദ്ദേശിച്ചതെന്നും തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്നായിരുന്നു തഹസില്‍ദാര്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍പിആറിന്റെയും സെന്‍സസിന്റെയും കണക്കെടുപ്പിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടതെന്നും തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്‍പിആര്‍ സംബന്ധിച്ച തഹസില്‍ദാറുടെ കത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ രംഗത്തെത്തിയിരുന്നു. എന്‍പിആര്‍ നിര്‍ത്തിവയ്ക്കാന്‍ പരസ്യമായി പറയുന്ന മഖ്യമന്ത്രി രഹസ്യമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. എന്‍പിആറിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് താമരശ്ശേരി തഹസില്‍ദാര്‍ അയച്ച കത്തും മുനീര്‍ പുറത്തുവിട്ടു. 22നകം അധ്യാപകരുടെ വിശദാംശങ്ങള്‍ നല്‍കാനാണ് തഹസില്‍ദാറുടെ നിര്‍ദേശം. ഭരണഘടനാ സംരക്ഷണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ കാണിക്കുന്ന ഉമ്മാക്കി ശുദ്ധകാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News