ഗാനമേളയ്ക്ക് ഡാന്‍സ് കളിക്കാന്‍ അനുവദിച്ചില്ല; തിരുവനന്തപുരത്ത് 60 ലക്ഷം രൂപയുടെ സാധനങ്ങള്‍ തല്ലിത്തകര്‍ത്ത് സംഘം, കേസ്

Update: 2026-02-15 08:21 GMT

തിരുവനന്തപുരം: ഗാനമേളക്കിടെ ഡാന്‍സ് കളിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ ഗാനമേള ട്രൂപ്പിന്റെ ലക്ഷങ്ങള്‍ വിലവരുന്ന സൗണ്ട് ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ കല്ലയത്ത് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ മദ്യപിച്ചെത്തിയവരാണ് ഗാനമേള കഴിഞ്ഞശേഷം അക്രമം നടത്തിയത്. സംഭവത്തില്‍ കേസെടുത്ത വട്ടപ്പാറ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

കല്ലയം പതിയനാട് ദേവീക്ഷേത്ര ഉല്‍സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെയാണ് സ്റ്റേജിന് മുന്നില്‍ ഡാന്‍സ് കളിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ ആക്രമണം അഴിച്ചുവിട്ടത്. ഗാനമേള നടക്കുന്നതിനിടെ ഡാന്‍സ് കളിക്കാന്‍ സ്റ്റേജിന് മുന്നിലെത്തിയ സംഘത്തെ സംഘാടകര്‍ തടഞ്ഞിരുന്നു. പിന്നീട് ഗാനമേള കഴിഞ്ഞശേഷം സംഘം ചേര്‍ന്നെത്തി സ്പീക്കറുകളും മറ്റും തകര്‍ക്കുകയായിരുന്നു. സ്റ്റേജിലെ സാധനങ്ങളടക്കം വലിച്ചിട്ടു. വിലകൂടിയ സ്പീക്കറുകളടക്കം അടിച്ചുതകര്‍ത്തു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും തകര്‍ത്തു.

75 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സന്ധ്യ സൗണ്ട്‌സിന്റെ ഉടമ പ്രശാന്ത് പ്രതികരിച്ചു. സംഭവത്തില്‍ സ്ഥലത്തുണ്ടായിരുന്ന പോലിസുകാര്‍ ഇടപെട്ടില്ലെന്നും പരാതി ഉണ്ട്. പരാതിയില്‍ 5 പേര്‍ക്കെതിരെയാണ് വട്ടപ്പാറ പോലിസ് കേസെടുത്തത്. ഇതില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.