വീട്ടിലെ എസി നാടോടി സ്ത്രീകള്‍ മോഷ്ടിക്കുന്നത് ദുബായിലിരുന്ന് സിസിടിവിയില്‍ ലൈവായി കണ്ട് വീട്ടുടമ; ഉടന്‍ അറസ്റ്റ്

Update: 2025-11-30 06:48 GMT

കാസര്‍കോഡ്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകള്‍ കടത്തിക്കൊണ്ടുപോയി ആക്രിക്കടയില്‍ വിറ്റു. ദുബായിയില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയില്‍ കണ്ടു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എസി കടത്തിയ സ്ത്രീകളെ പോലിസ് കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരന്‍ പുറത്തുപോയ സമയത്താണ് മൂന്ന് നാടോടി സ്ത്രീകള്‍ വീട്ടിലെത്തുന്നത്. ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വീട്ടുപരിസരം അരിച്ചുപെറുക്കി. നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു.

പുതിയ സ്പിളിറ്റ് എസി വാങ്ങിയപ്പോള്‍ പഴയത് ഊരിവെച്ചതാണ് സ്ത്രീകള്‍ കടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ട് പാഴ്വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ 5200 രൂപക്ക് വിറ്റതായി മനസ്സിലായി. നാടോടി സ്ത്രീകളെയും, വില്‍പ്പന നടത്തിയ എസിയും കണ്ടെടുത്തു. പ്രവാസി പരാതി നല്‍കാതിരുന്നതിനാല്‍, നാടോടി സ്ത്രീകളെ പോലിസ് താക്കീത് നല്‍കി വിട്ടയച്ചു.