രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണ വേണ്ട; പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സിപിഎം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയില്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന് സിപിഎമ്മിന്റെ തീരുമാനം. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്തിന്റെ ഭരണം ഒഴിയുമെന്ന് സിപിഎം അറിയിച്ചു. അടുത്ത ദിവസംതന്നെ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവയ്ക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കോണ്‍ഗ്രസും സിപിഎമ്മുമായി കൂട്ടുചേര്‍ന്ന് അധികാരം പങ്കിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം തിരുത്തുന്നത്.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായാണ് തൃപ്പെരുന്തറയിലെ സഖ്യമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റായത്. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. ഇവിടെ പ്രസിഡന്റ് പദവി പട്ടികജാതി വനിതാ സംവരണമാണ്.
18 അംഗ പഞ്ചായത്തില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ആറുവീതവും എല്‍ഡിഎഫിന് അഞ്ചും സീറ്റാണുള്ളത്. ആറ് സീറ്റുള്ള യുഡിഎഫിന് പട്ടികജാതി വനിതയില്ല. അതിനാല്‍, അവര്‍ക്ക് മല്‍സരിക്കാന്‍ സാധിച്ചിരുന്നില്ല. എല്‍ഡിഎഫിലും ബിജെപിക്കും പട്ടികജാതി വനിതാ പ്രതിനിധികളുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളെ പിന്തുണച്ചതിന് പ്രത്യുപകാരമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ രവികുമാറിനെ എല്‍ഡിഎഫിലെ ഒരംഗം പിന്തുണച്ചിരുന്നു. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല.
