സാമൂഹിക അകലമോ നിയന്ത്രണങ്ങളോ ഇല്ല; കോട്ടയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആളുകള്‍ തടിച്ചുകൂടി

Update: 2021-04-19 07:21 GMT

കോട്ടയം: നഗരത്തിലെ സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയത് ആശങ്കയ്ക്കിടയാക്കി. കോട്ടയം ബേക്കര്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് തിരക്ക് അനിയന്ത്രിതമായത്. സാമൂഹിക അകലം പാലിക്കാതെയും യാതൊരു നിയന്ത്രണവും പാലിക്കാതെയും നൂറുകണക്കിനാളുകള്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തിയാണ് തിരക്കിന് കാരണം.

സ്‌കൂളിന് മുന്നില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വലിയ ക്യൂവായിരുന്നു. രണ്ടാംഘട്ട വാക്‌സിന്‍ സ്വീകരിക്കുന്നതിനായി 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കൂട്ടത്തോടെ എത്തിയതാണ് രോഗപ്രതിരോധ തത്വങ്ങളെല്ലാം ആരോഗ്യവകുപ്പുതന്നെ കാറ്റില്‍പറത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ ബേക്കര്‍ സ്‌കൂളില്‍ രണ്ടാംഘട്ട കൊവാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നു മാധ്യമങ്ങളിലൂടെ ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം രാവിലെ എട്ടുമണി മുതല്‍ ബേക്കര്‍ സ്‌കൂളില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു.


 ഇവിടെ എത്തിയവരില്‍ പലരും വാക്‌സിന്‍ എടുത്തവരും വാക്‌സിനെടുക്കാത്തവരുമുണ്ടായിരുന്നു. എല്ലാവരെയും ഒരൊറ്റ ക്യൂവിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ത്തിയത്. ഏത് ക്യൂവാണെന്നോ, നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്നോ വിശദീകരിച്ചുനല്‍കാന്‍ ആളുകളുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നാണ് ക്യൂവിന്റെ നിര ബേക്കര്‍ സ്‌കൂളില്‍നിന്നും ബേക്കര്‍ ജങ്ഷന്‍ വരെ നീണ്ടത്. അറിയിപ്പ് നല്‍കിയ ആരോഗ്യവകുപ്പ് അധികൃതര്‍ ആളുകള്‍ ഒത്തുകൂടുന്നത് കണക്കിലെടുത്ത് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമില്ല.

ആദ്യഘട്ടത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പോലിസ് സ്ഥലത്തെത്തിയാണ് നിയന്ത്രണങ്ങളൊരുക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് രോഗവ്യാപനത്തിന് കാരണമാവുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

Tags: