കണ്ണൂര്‍ വിസി നിയമനത്തില്‍ പങ്കില്ല, മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും; വിശദീകരണവുമായി ഗവര്‍ണര്‍

Update: 2022-02-03 18:03 GMT

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ നിര്‍ദേശപ്രകാരമാണ് കണ്ണൂര്‍ വിസി പുനര്‍നിയമനമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് പുനര്‍നിയമനം നല്‍കിയതെന്ന വാര്‍ത്തകള്‍ പൂര്‍ണമായും വളച്ചൊടിക്കപ്പെട്ടതാണ്. വിസി നിയമനത്തില്‍ മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണ്.

നിയമനത്തില്‍ പങ്കില്ലെന്ന് തെളിയിക്കാന്‍ നവംബര്‍ 21 മുതല്‍ 23 വരെ സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. നിയമനം സംബന്ധിച്ച് നടപടികള്‍ തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ചേര്‍ന്നാണ്. വിഷയത്തില്‍ തന്റെ അഭിപ്രായം തേടാന്‍ നവംബര്‍ 21ന് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് നേരിട്ടെത്തി.

വിസിയായ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് അറിയിച്ചു. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് രാജ്ഭവനില്‍ എത്തിക്കുമെന്ന് അറിയിച്ചതായും ഗവര്‍ണര്‍ പറയുന്നു. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ നിയമോപദേശമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എജിയുടെ നിയമോപദേശം സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. മന്ത്രിക്ക് ഒരാളെ നിര്‍ദേശിക്കാന്‍ അവകാശമുണ്ടന്ന് നിയമോപദേശത്തില്‍ പരാമര്‍ശിച്ചിരുന്നതായും ഗവര്‍ണര്‍ വിശദീകരിച്ചു.

വിസിയുടെ പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണറാണ് ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് വിസിയുടെ പേര് നിര്‍ദേശിക്കാനുണ്ടോയെന്ന് ചോദിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനയച്ച കത്തും ലോകായുക്തയില്‍ ഹാജരാക്കി. ഇതിന് മറുപടിയായാണ് മന്ത്രി പേര് നിര്‍ദേശിച്ചതെന്നും സര്‍ക്കാര്‍ ലോകായുക്തയില്‍ അറിയിച്ചു. വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശുപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേയുള്ളൂവെന്നും ലോകായുക്ത പറഞ്ഞിരുന്നു. വിസി നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ലോകായുക്തയുടെ പരാമര്‍ശം.

Tags: