ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി കുമ്പിട്ട് തൊഴുത സതീശനെ ആരും മറന്നിട്ടില്ല: എ വിജയരാഘവന്‍

Update: 2026-01-19 07:32 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ രംഗത്ത്. വീരാളിപ്പട്ട് അണിഞ്ഞ് കിടക്കുമെന്ന രാജാപ്പാര്‍ട്ട് ഡയലോഗ് പറഞ്ഞ സതീശന്‍ വര്‍ഗീയയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ അപ്പോസ്തലപ്പട്ടം സ്വയം അണിഞ്ഞ് അഭിനയിച്ചു തകര്‍ക്കുകയാണെന്നും അദ്ദേഹത്തെ ഇപ്പോള്‍ ജനം സഹാനുഭൂതിയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി കുമ്പിട്ട് തൊഴുതു നില്‍ക്കാന്‍ പോയ സതീശനെ ആരും മറന്നിട്ടില്ല. പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ആര്‍എസ്എസിന്റെ ദയാദാക്ഷിണത്തിന് കൈനീട്ടുകയും സഹായം പറ്റി ജയിക്കുകയും ചെയ്ത സതീശനെ നാട്ടുകാര്‍ക്കറിയാം. ആര്‍എസ്എസ് നേതാവ് ആര്‍ വി ബാബുവും പിന്നീട് ബി ജെ പിയുടെ കൃഷ്ണദാസും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെയൊന്നും സതീശന്‍ ഈ അഭിനയം കാഴ്ചവച്ചിട്ടില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

'മതമാണ് മതമാണ് മതമാണ് പ്രശ്‌നം' എന്ന് ആണയിട്ട് വര്‍ഗീയത പറയുന്ന കെ എം ഷാജിയെ അദ്ദേഹം ചേര്‍ത്തു നിര്‍ത്തുന്നു. ഇസ് ലാമിക മതരാഷ്ടവാദികളായ ജമാ-അത്തെ ഇസ് ലാമിയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഖ്യകക്ഷി. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രണ്ട് തവണ നിരോധിച്ച ജമാ-അത്തെ ഇസ് ലാമി മതരാഷ്ട്രവാദികളല്ലെന്ന് സതീശന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.