എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്കില്ല, പിന്തുണ മതേതര മുന്നണിക്ക്; പാലക്കാട് വിജയിച്ച കോണ്‍ഗ്രസ് വിമതന്‍

Update: 2025-12-14 07:03 GMT

പാലക്കാട്: പാലക്കാട് നഗരസഭയില്‍ മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് ജയിച്ച എച്ച് റഷീദ്. മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്നും എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാര്‍ട്ടി പുറത്താക്കിയ ആളായതിനാല്‍ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു.

പാലക്കാട് നഗരസഭയില്‍ സ്വതന്ത്രരരുടെ നിലപാട് നിര്‍ണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്താല്‍ ഭരണത്തില്‍ നിന്ന് പുറത്താകും. അല്ലാത്തപക്ഷം പാലക്കാട് നഗരസഭയില്‍ ബിജെപി ഹാട്രിക് അടിക്കും. 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ ജയിച്ചു. യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് 8 വാര്‍ഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതില്‍ 2 പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്.