ജോലിയും വരുമാനവും നഷ്ടപ്പെട്ടു; സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകർ ദുരിതത്തിൽ
കൊവിഡ് കാലം കഴിയുന്നതുവരെ കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടെന്ന കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കൂടി വന്നതോടെ ഭാവി ഓർത്ത് വിഷമത്തിലായിരിക്കുകയാണ് ആയിരകണക്കിന് അധ്യാപകർ.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകർ പ്രതിസന്ധിയിൽ. കൊവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഇവരുടെ ജീവിതം ദുരിതത്തിലാണ്. കൊവിഡ് കാലം കഴിയുന്നതുവരെ കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടെന്ന കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കൂടി വന്നതോടെ ഭാവി ഓർത്ത് വിഷമത്തിലായിരിക്കുകയാണ് ആയിരകണക്കിന് അധ്യാപകർ. 3500-ലധികം ഗസ്റ്റ് അധ്യാപകരെയാണ് ഇത് ബാധിക്കുന്നത്. കൊവിഡ് പ്രതിസന്ധി ഉടനൊന്നും തീരാൻ സാധ്യതയില്ലാത്തതിനാൽ എത്രയും വേഗം കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിൻവലിച്ച് ജോലിയിൽ പ്രവേശിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സംസ്ഥാനത്തെ ഭൂരിപക്ഷം കോളജുകളിലും ഈ അധ്യയന വർഷത്തേക്ക് ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് മേയ്-ജൂൺ മാസങ്ങളിലായി അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് രൂക്ഷമായതോടെ കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഓരോ പഠനവിഭാഗത്തിലും ഒരു സ്ഥിരം അധ്യാപകനെങ്കിലും ഉണ്ടെങ്കിൽ അവിടെ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടതില്ലെന്നും സ്ഥിരാധ്യാപകർ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്താൽ മതിയെന്നുമുള്ള ഉത്തരവ് എത്തിയത്. ഇതോടെ ഗസ്റ്റ് അധ്യാപക നിയമനം നടക്കാത്ത അവസ്ഥയിലായി. ഇവർക്ക് പകരമായി ഇതേ വിഷയം കൈകാര്യം ചെയ്യുന്ന സമീപത്തെ മറ്റ് കോളജുകളിൽ നിന്നുള്ള അധ്യാപകരുടെ ക്ലാസുകൾ പ്രയോജനപ്പെടുത്തിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ 2019 ജൂൺ മുതൽ 2020 മാർച്ച് വരെയുള്ള അക്കാദമിക് വർഷം ജോലി ചെയ്തതിന്റെ ശമ്പളം പോലും ഇതുവരെ ഭൂരിപക്ഷം ഗസ്റ്റ് അധ്യാപകർക്കും ലഭിച്ചിട്ടില്ല. ഇവർക്ക് ഏപ്രിൽ-മേയ് മാസങ്ങളിൽ ശമ്പളവുമില്ല. എന്നാൽ സെമസ്റ്റർ ആയതിനാൽ മുൻവർഷങ്ങളിലെല്ലാം തന്നെ ഏപ്രിൽ-മേയ് മാസങ്ങളിൽ റെഗുലർ ക്ലാസുകൾ എടുത്താണ് പാഠ്യഭാഗങ്ങൾ തീർക്കുന്നത്. കൊവിഡിനെ തുടർന്ന് ലോക്ഡൗൺ ആയതോടെ ഇത്തവണ ഓൺലൈൻ ക്ലാസുകൾ എടുത്താണ് പാഠ്യഭാഗങ്ങൾ തീർത്തത്. മാർച്ചിലെ ആദ്യ ലോക്ഡൗൺ കാലത്ത് രണ്ടാഴ്ചത്തെ ശമ്പളം എല്ലാ ജീവനക്കാർക്കും നൽകാൻ സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ അത് ഗസ്റ്റ് അധ്യാപകർക്ക് നൽകേണ്ടതില്ലെന്നാണ് കോളജ് വിദ്യാഭ്യാസ അധികൃതരുടെ നിലപാടെന്നും പറയുന്നു. ജൂൺ മുതൽ ജോലിയില്ലാത്ത അവസ്ഥയാണ്. അടിയന്തരമായി ഉത്തരവ് പിൻവലിച്ച് റെഗുലർ ക്ലാസുകൾ പോലെ തന്നെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയോഗിക്കണമെന്നും മുൻ വർഷങ്ങളിലെ ശമ്പളം ഉൾപ്പെടെ ഉടൻ അനുവദിക്കണമെന്നും കോളജ് ഗസ്റ്റ് ലക്ചേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

