പ്രേക്ഷക ഹൃദയം കീഴടക്കി 'നോ ഫാദേഴ്സ് ഇൻ കാശ്മീർ'

പട്ടാളക്കാർ പിടിച്ചു കൊണ്ട് പോയ അച്ഛനെ അന്വേഷിക്കുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കശ്മീരിന്റെ ആനുകാലിക രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്ന ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.

Update: 2019-12-10 04:33 GMT

തിരുവനന്തപുരം: പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട കാശ്മീരിന്റെ പശ്ചാത്തലത്തിൽ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്‌ത 'നോ ഫാദേഴ്സ് ഇൻ കാശ്മീർ' രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനം കീഴടക്കി. പട്ടാളക്കാർ പിടിച്ചു കൊണ്ട് പോയ അച്ഛനെ അന്വേഷിക്കുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കാശ്മീരിന്റെ ആനുകാലിക രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്ന ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.

ഇംഗ്ലണ്ടിൽ ജീവിക്കുന്ന നൂർ എന്ന പെൺകുട്ടി മാതാവിനൊപ്പം ജന്മനാടായ കാശ്മീരിൽ എത്തുന്നതും പിതാവിനെ തേടി ഇറങ്ങുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമാനമായി പിതാവിനെ നഷ്ടമായ മറ്റൊരു കശ്മീരി ബാലനായ മജീദുമായി നൂർ സൗഹൃദത്തിലാവുകയും തുടർന്നുള്ള യാത്രയിൽ കാശ്മീർ ജനത അനുഭവിക്കുന്ന പീഡനങ്ങളുടെ നേർകാഴ്ച തന്നെ നൂറിന് അനുഭവിക്കേണ്ടിയും വരുന്നു.

നിയമത്തെ നോക്കുകുത്തിയാക്കി സംശയം തോന്നുന്നവരെ കശ്മീരി മുസ്ലീങ്ങളെ തോക്കിൻ മുനയിൽ നിർത്തി ക്രൂരമായ പീഡനങ്ങൾക്കു ഇരയാക്കാനും കൊല്ലാനും വരെ അധികാരമുള്ള ഇന്ത്യൻ സൈന്യത്തിന്റെ അധികാരത്തിനെതിരെ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിശബ്ദമായ കണ്ണീരിന്റെ നോവ് ഈ സിനിമയിൽ ഉടനീളം അനുഭവപ്പെടും.

പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചുള്ള ഈ ചിത്രത്തിന്റെ പുനഃ പ്രദര്‍ശനം 12ന് രാത്രി 8.30 ന് നിശാഗന്ധിയിൽ നടക്കും. സൊളാനസിന്റെ സൗത്ത്,ടോം വാലറിന്റെ ദ കേവ്,1982,ദ ഹോൾട്ട്, ഹവ്വാ മറിയം ആയിഷ,വേർഡിക്റ്റ്,ആദം,ബലൂൺ എന്നീ ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി. മലയാള സിനിമ ഇന്നിൽ ആറു ചിത്രങ്ങളാണ് ഇന്നലെ പ്രദർശിപ്പിച്ചത്‌. അനുരാജ് മനോഹറിന്റെ ഇഷ്ക്ക്, പ്രിയനന്ദനന്റെ സൈലെൻസർ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച, ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

'നോ ഫാദേഴ്‌സ് ഇന്‍ കാശ്മീർ' വീണ്ടും പ്രദര്‍ശിപ്പിക്കും

പ്രേക്ഷകരുടെ ആഭ്യര്‍ത്ഥനമാനിച്ച് അശ്വിന്‍ കുമാറിന്റെ 'നോ ഫാദേഴ്‌സ് ഇന്‍ കാശ്മീര്‍' എന്ന ചിത്രം ഡിസംബർ 12 ന് വീണ്ടും പ്രദര്‍ശിപ്പിക്കും.നിശാഗന്ധിയില്‍ വ്യാഴാഴ്ച രാത്രി 8.30നാണ് പ്രദര്‍ശനം. ഉച്ചയ്ക്ക് 12 ന് റെസ്സ മിര്‍കരീമി സംവിധാനം ചെയ്ത കാസിൽ ഓഫ് ഡ്രീംസ് ശ്രീയിൽ പ്രദർശിപ്പിക്കും. ഡിസംബർ 11ന് ഉച്ചകഴിഞ്ഞു 3.30ന് മോഹാനന്ദ് ഹയാല്‍ സംവിധാനം ചെയ്ത 'ഹൈഫ സ്ട്രീറ്റ്'കലാഭവനിൽ പ്രദർശിപ്പിക്കും

Tags:    

Similar News