അലവന്‍സ് വേണ്ടെന്ന് അഗ്നിശമനസേന; 126 കോടി ചോദിച്ച ഡിജിപി വെട്ടിലായി
വാഹന പരിശോധനയും മറ്റുമായി റോഡില്‍ ജോലി നോക്കി കഷ്ടപ്പെടുന്ന പോലിസുകാര്‍ക്ക് വേണ്ടി മാത്രമല്ല പോലിസ് മേധാവി പണം ആവശ്യപ്പെടുന്നതെന്നാണ് വിചിത്രമായ വസ്തുത. ക്രൈംബ്രാഞ്ചിലുള്ള 2,224 പേര്‍ക്കും പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ 75 പേര്‍ക്കും പോലിസ് ട്രെയിനിങ് കോളജിലെ 50 പേര്‍ക്കും ഫീഡിങ് ചാര്‍ജും റിസ്‌ക്ക് അലവന്‍സും വേണമെന്നാണ് ബെഹ്റ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സ് ആവശ്യപ്പെടുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ആഭ്യന്തര വകുപ്പിന് കത്തുനല്‍കി. ഇതോടെ വെട്ടിലായത് പോലിസാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ക്ക് ഫീഡീങ് ചാര്‍ജിനും റിസ്‌ക് അലവന്‍സിനും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടത് 126 കോടിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സല്യൂട്ടെന്നും മറ്റുള്ളവര്‍ക്ക് പ്രത്യേക അലവന്‍സുണ്ടെങ്കില്‍ മാത്രം അഗ്‌നിശമന സേനയെ പരിഗണിച്ചാല്‍ മതിയെന്നുമാണ് ഹേമചന്ദ്രന്റെ കത്ത്.
ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പോലും പിടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. അത്രയേറെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് പോലിസുകാര്‍ക്കായി 126 കോടി രൂപ വേണമെന്ന് ഡിജിപി ആവശ്യപ്പെടുന്നത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് ഭക്ഷണത്തിന് പോലും പൈസ ഈടാക്കുമ്പോഴാണ് ജോലിയുടെ ഭാരം പറഞ്ഞ് ക്യാമ്പുകളില്‍ കഴിയുന്ന പോലിസുകാര്‍ക്കുള്‍പ്പെടെ വന്‍ തുക വേണമെന്ന വിചിത്രമായ ആവശ്യവുമായി സംസ്ഥാന പോലിസ് മേധാവി എത്തിയത്. ആവശ്യത്തില്‍ കടുത്ത വിയോജിപ്പ് അറിയിച്ച ധനവകുപ്പ് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ ആഭ്യന്തരവകുപ്പിലേക്ക് മടക്കി.
ഓരോ പ്രദേശങ്ങളിലും കഠിനമായ ജോലിയാണ് അഗ്‌നശമന സേന ചെയ്യുന്നത്. വൈറസ് ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പടെ ശുചീകരണം നടത്താന്‍ അഗ്‌നിശമന സേനയും നിയോഗിക്കപ്പെടുന്നുണ്ട്. ക്വാറൻ്റൈനില്‍ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെ വൃത്തിയാക്കുന്നതു അഗ്‌നിശമന സേനയാണ്. ജീവന്‍രക്ഷാ മരുന്നുകളുമായി കിലോമീറ്ററുകള്‍ താണ്ടി സഞ്ചരിക്കുന്നുണ്ട്. ഗുരുതര സാഹചര്യത്തിലുള്ള ജോലികള്‍ക്ക് പ്രത്യേക അനൂകൂല്യങ്ങള്‍ അനുവദിക്കാറുണ്ടെങ്കിലും കൊവിഡ് കാലത്ത് പ്രതിഫലം ചോദിക്കുന്നില്ലെന്ന് എ ഹേമചന്ദ്രന്‍ ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം, 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിങ് ചാര്‍ജും 300 രൂപ വീതം റിസ്‌ക് അലവന്‍സും വേണമെന്നാണ് സംസ്ഥാന പോലിസ് മേധാവിയുടെ ആവശ്യം. ഫീഡിങ് ചാര്‍ജിനായി 57 കോടി 69 ലക്ഷവും റിസ്‌ക് അലവന്‍സായി 68 കോടി 25 ലക്ഷവും വേണമെന്നാണ് ആവശ്യം. ആകെ 125 കോടി 94 ലക്ഷം രൂപ. വാഹന പരിശോധനയും മറ്റുമായി റോഡില്‍ ജോലി നോക്കി കഷ്ടപ്പെടുന്ന പോലിസുകാര്‍ക്ക് വേണ്ടി മാത്രമല്ല പോലിസ് മേധാവി പണം ആവശ്യപ്പെടുന്നതെന്നാണ് വിചിത്രമായ വസ്തുത. ക്രൈംബ്രാഞ്ചിലുള്ള 2,224 പേര്‍ക്കും പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ 75 പേര്‍ക്കും പോലിസ് ട്രെയിനിങ് കോളജിലെ 50 പേര്‍ക്കും ഫീഡിങ് ചാര്‍ജും റിസ്‌ക്ക് അലവന്‍സും വേണമെന്നാണ് ബെഹ്റ ആവശ്യപ്പെടുന്നത്. പോലിസ് വകുപ്പിലെ 296 മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് വേണ്ടിയും അധിക തുക ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ജോലി നോക്കാന്‍ അധിക അലവന്‍സ് വേണമെന്ന് നേരത്തേ ഡിജിപി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അന്ന് എത്ര തുകയെന്നത് വെളിപ്പെടുത്തിയിരുന്നില്ല. ആഭ്യന്തര വകുപ്പ് ചുമതയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ധനവകുപ്പ് കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത്രയും ഭീമമായ തുക അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ ശക്തമായ നിലപാട്.

