നിപ: നില മെച്ചപ്പെട്ടു; ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് നാലുപേരെ ഒബ്‌സര്‍വേഷനിലേക്ക് മാറ്റി

എന്‍ഐഇയില്‍നിന്നുള്ള ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ കേസുകളുടെ നില പരിശോധിച്ചുവരുന്നത്.

Update: 2019-06-08 14:25 GMT

കൊച്ചി: നിപ വൈറസ് ബാധ സംശയത്തിന്റെ പേരില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന 11 രോഗികളില്‍ 4 പേരെ നിലമെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബാക്കി ഏഴുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 325 പേരെയാണ് ഇതുവരെ കണ്ടെത്തിയത്. ഇവരുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു.

എന്‍ഐഇയില്‍നിന്നുള്ള ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ കേസുകളുടെ നില പരിശോധിച്ചുവരുന്നത്. ഡോ. റീമ സഹായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എറണാകുളം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ലാബ് പരിശോധനാ സംവിധാനം, പിസിആര്‍, അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം തുടരുകയാണ്. എഐഎംഎസ്, നിംഹാന്‍സ് എന്നിവിടങ്ങളില്‍നിന്നെത്തിയ സംഘം മെഡിക്കല്‍ കോളജിലെ പുതിയ ഐസോലേഷന്‍ വാര്‍ഡിലെ സംവിധാനങ്ങളും വിലയിരുത്തി.

എന്‍ഐവിയില്‍നിന്നെത്തിയ സോണോസിസ് വിദഗ്ധര്‍ ഡോ. അനുകുമാര്‍, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലും, ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വടക്കേക്കരയിലും വവ്വാലുകളുടെ പരിശോധനാ സംവിധാനം തയ്യാറാക്കുകയാണ്. നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് ബ്ലോക്കടിസ്ഥാനത്തില്‍ നല്‍കിയ ട്രെയ്‌നിങ് താഴെത്തട്ടിലേക്കും വ്യാപിപ്പിക്കും. മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കാണ് പരിശീലനം വ്യാപിപ്പിക്കുന്നത്.

കൂടാതെ അങ്കണവാടി, ആശാവര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെയും ഉള്‍പ്പെടുത്തും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 10ന് ആരംഭിക്കും. ഇന്ന് 1,293 പേര്‍ക്ക് നിപ ജാഗ്രതാപരിശീലനം നല്‍കി. 14 സര്‍ക്കാര്‍ ഡോക്ടര്‍മാരും 67 ജീവനക്കാരും 30 സ്വകാര്യഡോക്ടര്‍മാരും 61 ആശാവര്‍ക്കര്‍മാരും 791 കുടുബശ്രീ പ്രവര്‍ത്തകരും 19 അങ്കണവാടി ടീച്ചര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. വടക്കേക്കര പഞ്ചായത്തില്‍ ആശാപ്രവര്‍ത്തകര്‍ വഴി നാലുവീടുകളില്‍ കിറ്റുകള്‍ വിതരണം ചെയ്തു.

തൊഴില്‍ വകുപ്പ് നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട് മേഖലകളിലായി 12 അതിഥി തൊഴിലാളി ക്യാംപുകളില്‍ പരിശോധന നടത്തി. പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം, തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ശൗചാലയങ്ങള്‍ ഇല്ലാതിരിക്കുക, സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടത്തി. ഇത് പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴിലുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളുള്ളതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ നിലവില്‍ മരുന്നുകള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

Tags: