നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത വൈദ്യുതീകരണം: ടെണ്ടര്‍ പ്രഖ്യാപിച്ചു
പാലക്കാട് ഡിവിഷനു കീഴില്‍ പാലക്കാട്-പൊള്ളാച്ചി, നിലമ്പൂര്‍-ഷൊര്‍ണൂര്‍ ബ്രാഞ്ച് പാതകളില്‍ മാത്രമാണ് വൈദ്യുതീകരണം നടക്കാത്തത്.
പെരിന്തല്‍മണ്ണ: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ വൈദ്യുതീകരണത്തിനായി ദക്ഷിണ റെയില്‍വേ നടപടികള്‍ ആരംഭിച്ചു. 66 കിമീ ദൂരമുള്ള പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി എല്ലാ സ്‌റ്റേഷനുകളിലും ലെവല്‍ ക്രോസിങ്ങുകളിലും സിഗ്‌നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വൈദ്യുതീകരണത്തിന് അനുമതിയായ ദക്ഷിണ റെയില്‍വേയിലെ മറ്റ് പാതകളോടൊപ്പം നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണത്തിനുള്ള ടെന്‍ഡര്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിക്ക് നേരത്തെ ലഭിച്ചിരുന്നു.
സിഗ്‌നല്‍ സംവിധാനം ഒരുക്കുന്നതിനായി റെയില്‍വേ ഇലക്ട്രിസിറ്റി വിഭാഗം ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ചെന്നൈയിലെ റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ഡെപ്യൂട്ടി ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികോം എന്‍ജിനിയര്‍ പരസ്യപ്പെടുത്തിയ ടെന്‍ഡറിനായി മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള സമയം.
പാലക്കാട് ഡിവിഷനു കീഴില്‍ പാലക്കാട്-പൊള്ളാച്ചി, നിലമ്പൂര്‍-ഷൊര്‍ണൂര്‍ ബ്രാഞ്ച് പാതകളില്‍ മാത്രമാണ് വൈദ്യുതീകരണം നടക്കാത്തത്. നിലമ്പൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് എത്താന്‍ നിലവില്‍ ഒന്നേ മുക്കാല്‍ മണിക്കൂറാണ് എടുക്കുന്നത്. വൈദ്യൂതീകരണം പൂര്‍ത്തിയാവുന്നതോടെ ഈ സമയം കുറയും. കൂടാതെ കൂടുതല്‍ മെമു സര്‍വീസുകളും ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.