രാത്രികാല വിനോദയാത്രകള്‍ നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

സംസ്ഥാനത്ത് സ്‌കൂള്‍, കോളേജ് പഠനയാത്രകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയില്‍ പറയുന്നു.

Update: 2022-10-07 15:00 GMT

തിരുവനന്തപുരം: രാത്രി കാല സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ നിരോധിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. പാലക്കാട് വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

സംസ്ഥാനത്ത് സ്‌കൂള്‍, കോളേജ് പഠനയാത്രകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയില്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. തിരികെ രാത്രി തിരിച്ച് രാവിലെ വിദ്യാലയങ്ങളിലെത്തും.ഇത്തരം പ്രവണതകളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഓവര്‍ സ്പീഡും മയക്കവും ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗവും രാത്രി കാലങ്ങളില്‍ വര്‍ധിക്കുന്നത് പതിവാണെന്ന് പരാതിയില്‍ പറയുന്നു. രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിന് ് മുമ്പും യാത്ര ഒഴിവാക്കണമെന്ന് 2007ല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ ഉണ്ടായിരുന്നെങ്കിലും പുതിയ സര്‍ക്കുലറില്‍ നിന്നും ഇത് ഒഴിവാക്കിയതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.





Tags:    

Similar News