പിണറായി സർക്കാരിന്റെ കാലത്ത് എൻഐഎ ഏറ്റെടുത്തത് എട്ട് കേസുകൾ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമുദായിക കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന് 27 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Update: 2020-02-03 08:15 GMT

തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത എട്ടു കേസുകൾ എൻഐഎക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കാസർഗോഡ് ചന്ദേര പോലിസ്, കണ്ണൂർ വളപട്ടണം പോലിസ്, പാലക്കാട് ടൗൺ സൗത്ത് പോലിസ്, പാലക്കാട് കസബ, കോഴിക്കോട് പന്തീരാങ്കാവ്, മലപ്പുറം വണ്ടൂർ, എറണാകുളം പാലാരിവട്ടം, എറണാകുളം പറവൂർ എന്നീ പോലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എട്ട് കേസുകളാണ് എൻഐഎ ഏറ്റെടുത്തത്.

യുഎപിഎ പ്രകാരം കേസെടുക്കുന്നതിന് പോലിസിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഏതെങ്കിലും കുറ്റകൃത്യം എന്‍ഐഎ ആക്ടിലെ വകുപ്പുകള്‍ പ്രകാരമുള്ളതാണെങ്കില്‍ ആ കേസുകള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമുദായിക കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന് 27 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൗരത്വ നിയമത്തെ അനുകൂലിച്ച് കുറ്റ്യാടി ഠൗണില്‍ ബിജെപി നടത്തിയ പ്രകടനത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മുദ്രാവാക്യം വിളിച്ച നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ, ഇരിട്ടി എഎസ്പി എന്നിവര്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പ്രതിഷേധ പരിപാടിയില്‍ യൂണിഫോം ധരിച്ച് പങ്കെടുത്തെന്ന വാര്‍ത്തയില്‍ അവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരേ നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാത്തത് കൊണ്ട് തന്നെ മറ്റ് ചില സംസ്ഥാനങ്ങള്‍ ചെയ്യുന്നത് പോലെ ഇത്തരം കേസുകള്‍ പിന്‍വലിക്കേണ്ട സാഹചര്യവുമില്ല. പ്രതിഷേധ സമരങ്ങളുടെ പേരില്‍ പ്രതിഷേധക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കുന്നതായുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, സെന്‍സസ് സംബന്ധിച്ച കത്തുകളില്‍ എന്‍പിആര്‍ കൂടി പരാമര്‍ശിച്ച് ചില ഉദ്യോഗസ്ഥര്‍ സന്ദേശങ്ങള്‍ അയക്കുന്നത് അശ്രദ്ധ മൂലമാണെന്ന് മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. നിലവില്‍ ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ പ്രക്രീയയും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ജില്ലാ കലക്ടര്‍മാര്‍ക്ക് നേരിട്ട് ലഭിക്കുന്ന കത്തില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍(എന്‍പിആര്‍) സംബന്ധിച്ച കാര്യം കൂടി സൂചിപ്പിക്കുന്നതിനാല്‍ ചില ഉദ്യോഗസ്ഥര്‍ ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് അയക്കുന്ന സന്ദേശങ്ങളില്‍ അശ്രദ്ധമായി എന്‍പിആര്‍ കൂടെ ഉള്‍പ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തര സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുവാന്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസര്‍മാര്‍ കൂടിയായ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News