സ്വര്‍ണക്കടത്ത്: 2017 മുതലുള്ള വിശദാംശങ്ങള്‍ തേടി എൻഐഎ; കസ്റ്റംസിന് കത്ത് നല്‍കി
നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നിലുള്ളവര്‍ക്കു പഴയ കേസുകളുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് മൂന്നുവര്‍ഷത്തെ കേസുകളെല്ലാം അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ 2017 മുതലുള്ള സ്വര്‍ണക്കടത്ത് കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ. കസ്റ്റംസിനു കത്ത് നല്‍കി. കഴിഞ്ഞ മൂന്നുവര്‍ഷത്തെ മുഴുവന്‍ സ്വര്‍ണക്കടത്ത് കേസുകളിലും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേരളത്തിലെ കസ്റ്റംസ് കമ്മിഷണറോടു കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ചു. നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നിലുള്ളവര്‍ക്കു പഴയ കേസുകളുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് മൂന്നുവര്‍ഷത്തെ കേസുകളെല്ലാം അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തില്‍ പിടിയിലായവര്‍ 2017 മുതല്‍ ഈ രംഗത്തു സജീവമാണെന്നു വെളിപ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്ന കാലയളവാണു കഴിഞ്ഞ മൂന്നുവര്‍ഷം. ഇതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ തകര്‍ക്കുന്ന വിഷയമായതിനാല്‍ വിശദമായി അന്വേഷിക്കാനാണ് എന്‍ഐഎയ്ക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ചെന്നൈ കേന്ദ്രീകരിച്ചുള്ള ദക്ഷിണേന്ത്യയിലെ വന്‍സ്വര്‍ണക്കടത്ത് മാഫിയയെ തളയ്ക്കുകയാണു ലക്ഷ്യം. 2019-ലെ യുഎപിഎ (ഭേദഗതി) നിയമപ്രകാരം സ്വര്‍ണക്കടത്ത്, വ്യാജ കറന്‍സി കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരമുണ്ട്. ഒരുകോടി രൂപവരെ മൂല്യമുള്ള കേസുകളില്‍ പിടിയിലായാല്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. ഈ പഴുത് മുതലെടുത്ത് നിര്‍ബാധം സ്വര്‍ണം കടത്തുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണു പഴയ കേസുകളും അന്വേഷിക്കാനുള്ള എന്‍ഐഎ നീക്കം. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും കസ്റ്റംസും ചോദ്യംചെയ്യും. വിശദാംശങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറും.
യുഎപിഎ ചുമത്തിയാല്‍ 30 ദിവസം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയും ആറുമാസംവരെ റിമാന്‍ഡും ഉറപ്പാണ്. വിചാരണ തീരുംവരെ ജയിലില്‍ കിടക്കേണ്ടിവരും.
