എന്‍ എച്ച് 66: കോഴിക്കോട് ടോള്‍ ഇന്ന് മുതല്‍; പന്തീരാങ്കാവില്‍ ട്രയല്‍ റണ്‍ തുടങ്ങി
കോഴിക്കോട്: ദേശീയപാത 66-ല്‍ കോഴിക്കോട് ജില്ലയിലെ വെങ്ങളം-രാമനാട്ടുകര റീച്ചില്‍ നിര്‍മ്മിച്ച പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ഇന്ന് ടോള്‍ പിരിവിനായുള്ള ട്രയല്‍ റണ്‍ ആരംഭിക്കും. കുറച്ചുദിവസത്തേക്ക് വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കാതെ ടോള്‍ സംവിധാനങ്ങളുടെ സാങ്കേതികക്ഷമത പൂര്‍ണമായി ഉറപ്പാക്കുകയാണ് ലക്ഷ്യം.
ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം, ഈ മാസം ജനുവരി 15 മുതല്‍ ടോള്‍ പിരിവ് ഔദ്യോഗികമായി തുടങ്ങാനാണ് നിലവില്‍ ദേശീയപാത അതോറിറ്റിയുടെ (NHAI) നീക്കം. ഇതിനായുള്ള വിജ്ഞാപനം അടുത്ത ആഴ്ച പുറത്തിറങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
ട്രയല്‍ റണ്‍, ടോള്‍ പിരിവിന്റെ സാങ്കേതിക കൃത്യത, ഫാസ്ടാഗ് സംവിധാനങ്ങളുടെ കാര്യക്ഷമത, പ്ലാസയിലെ മറ്റ് അനുബന്ധ സംവിധാനങ്ങള്‍ എന്നിവയെല്ലാം വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ്. നേരത്തെ, കഴിഞ്ഞ ഡിസംബര്‍ അവസാനവാരം തന്നെ വിവിധ വിഭാഗം വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്കുകള്‍ ദേശീയപാത അതോറിറ്റി പുറത്തിറക്കിയിരുന്നു. സുഗമമായ ടോള്‍ പിരിവിനായി വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായാണ് സൂചന.
അതേസമയം, ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. ടോള്‍ പ്ലാസയുടെ പരിസരത്തും പാതയിലും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും മറ്റ് റോഡ് സംവിധാനങ്ങളും ഒരുക്കാതെ ടോള്‍ പിരിവ് തുടങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.
