നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

Update: 2025-09-15 07:27 GMT

ബറേലി: യുപിയില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലിയിലെ ഷാജഹാന്‍പുരിലെ ബഹ്ഗുല്‍ നദീതീരത്താണു പെണ്‍കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. ഉടന്‍ തന്നെ കുഞ്ഞിനെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.

പാലത്തിനടിയിലെ മണ്ണിനടിയില്‍നിന്നും കരച്ചില്‍ കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്. കന്നുകാലികളെ മേയ്ക്കാന്‍ എത്തിയ ഇയാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തുകയായിരുന്നു. മണ്‍കൂനയ്ക്കുള്ളില്‍നിന്നും പുറത്തേക്ക് നീണ്ട കുഞ്ഞിന്റെ കൈയാണ് ആദ്യം കണ്ടത്. ബാക്കി ശരീരഭാഗങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നു. മണ്ണില്‍നിന്നും പുറത്തെടുക്കുമ്പോള്‍ ഉറുമ്പുകള്‍ പൊതിഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്.

കുഞ്ഞിന് 10-15 ദിവസം പ്രായമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കുഞ്ഞിനെ ഒരു അടി താഴ്ചയില്‍ കുഴിച്ചിട്ടവര്‍ ശ്വാസം എടുക്കുന്നതിനുള്ള വിടവ് ഇട്ടിരുന്നതായി പോലിസ് പറഞ്ഞു.