സാമ്പത്തിക പ്രതിസന്ധിക്കിടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍

പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് ഇന്നലെ പൊതുഭരണവകുപ്പ് അനുവാദം നല്‍കിയത്. യാത്രാബത്ത പിന്നീടു തീരുമാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു

Update: 2019-10-13 10:34 GMT

തിരുവനന്തപുരം: ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ച മുന്‍ എം.പി എ സമ്പത്തിന് നാല് പഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലെ പുതിയ നിയമനം സര്‍ക്കാരിനെതിരേ വിമര്‍ശനമുയരാന്‍ കാരണമായിട്ടുണ്ട്. 

പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് ഇന്നലെ പൊതുഭരണവകുപ്പ് അനുവാദം നല്‍കിയത്. യാത്രാബത്ത പിന്നീടു തീരുമാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ.സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാല്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്‍കിയിരിക്കുന്നത്. അസിസ്റ്റന്‍ഡിനു 30385 രൂപയാണ് ശമ്പളമെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്ക് 21850 രൂപയേ ശമ്പളമായി അനുവദിച്ചിട്ടുള്ളു. ഡ്രൈവര്‍ക്ക് 19670 രൂപയും ഓഫിസ് അറ്റന്‍ഡന്റിന് 18030 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. സ്റ്റാഫുകള്‍ക്ക് വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്.

എന്നാല്‍, കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ. ഇവരുടെ യാത്രാ ബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തിലും സര്‍ക്കാരിനു ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും.

Tags:    

Similar News