സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി; സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം
എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം മെയ് 31വരെ കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കൊവിഡ് അല്ലാത്ത ചികിത്സകള്‍ അടിയന്തിര പ്രാധാന്യം കണക്കിലെടുത്താവും പരിഗണിക്കുക. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റാനും ആരോഗ്യവകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കി.സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി തുടങ്ങാനുള്ള സുപ്രധാന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ കിടക്കകളും ഐസിയുവും കുറഞ്ഞത് 50 ശതമാനമായി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കണം. രണ്ടാം തലത്തിലുള്ള കൊവിഡ് കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയിഡുകളുടെയും മരുന്നുകളുടെയും സ്‌റ്റോക്ക് ഉറപ്പാക്കണം. കിടപ്പുരോഗികള്‍ക്ക് ഓക്‌സിജനും ചികിത്സയും വീട്ടിലെത്തി ഉറപ്പാക്കും. വാര്‍ഡ് തല സമിതികളാണ് ഇതിന് സംവിധാനമൊരുക്കേണ്ടത്.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനത്തെ എത്രത്തോളം തടഞ്ഞെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അറിയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനായാല്‍ രോഗ ബാധിതരുടെ നിരക്ക് ഒരു പരിധി വരെ പിടിച്ചുനിര്‍ത്താനാവും. വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി ആറ് ദിവസം വരെയാണ് എന്നത് പരിഗണിച്ചാണ് ആരോഗ്യ വിദ്ഗധര്‍ ഈ അഭിപ്രായം പങ്കുവെക്കുന്നത്.
