സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകൾ

കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഓട്ടോമേഷന്‍ സിസ്റ്റം നടപ്പാക്കും.

Update: 2020-10-22 06:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട് പോലീസ് ജില്ലകളിലാണ് സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. പുതിയ സ്റ്റേഷനുകളുടെ ചുമതല നിര്‍വഹിക്കുന്നതിന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന്‍റെ 15 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.

കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഓട്ടോമേഷന്‍ സിസ്റ്റം 

ഈസ് ഓഫ് ഡൂയിങ് നടപടികളുടെ ഭാഗമായി കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കുന്നതിന് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി പ്രകാരം, റജിസ്ട്രേഷന്‍ പുതുക്കുന്നതിന് ലേബര്‍ കമ്മീഷണറുടെ ഓട്ടോമേഷന്‍ സിസ്റ്റം വഴി ഫീസ് അടച്ചാല്‍ മതി. തനിയേ റജിസ്ട്രേഷന്‍ പുതുക്കല്‍ നടക്കും.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: പ്രത്യേക ഉദ്ദേശ കമ്പനി

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനത്തിനും നടത്തിപ്പിനുമായി ഒരു പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരിയും കെ.എം.ആര്‍.എല്ലിന് 26 ശതമാനം സ്വെറ്റ് ഇക്വിറ്റിയുമുള്ള കമ്പനിയാണ് രൂപീകരിക്കുക. 30 വര്‍ഷത്തേക്ക് കൊച്ചി വാട്ടര്‍ മെട്രോയുടെ ആസ്തി ഉപയോഗിക്കാനുള്ള അനുമതി ഈ കമ്പനിക്ക് നല്‍കുന്നതാണ്.

2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു.

തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പിരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

തസ്തിക

മലപ്പുറം ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍സെക്കന്‍റി സ്കൂളില്‍ എച്ച്.എസ്.ടി (സീനിയര്‍) അറബിക് ടീച്ചര്‍, എച്ച്.എസ്.ടി (ജൂനിയര്‍) മലയാളം ടീച്ചര്‍ എന്നിവയുടെ ഓരോ തസ്തികയും തിരുവനന്തപരും നന്ദിയോട് എസ്.കെ.വി ഹയര്‍സെക്കന്‍ററി സ്കൂളില്‍ എച്ച്.എസ്.ടി (ജൂനിയര്‍) ഹിന്ദിയുടെ ഒരു തസ്തികയും സൃഷ്ടിക്കും.

Tags:    

Similar News