സ്കൂളുകളിൽ ഉച്ചകഞ്ഞിക്ക് പണമില്ല; കോളജിലെ കുട്ടിനേതാക്കന്‍മാരെ വിദേശത്തയക്കാന്‍ മുടക്കുന്നത് കോടികൾ

70 സര്‍ക്കാര്‍ കോളജുകളിലെ ചെയര്‍മാന്‍മാരെയാണ് പരിശീലനത്തിന് ലണ്ടനിലേക്ക് അയക്കുന്നത്. സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി കൈമാറാതെ ഇരിക്കുകയാണ് സര്‍ക്കാര്‍.

Update: 2019-12-09 07:24 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി പോലും അവതാളത്തിലായിരിക്കേ കോടികള്‍ മുടക്കി കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ സംസ്ഥാന സര്‍ക്കാര്‍ വിദേശത്ത് നേതൃപാടവ പരിശീലനത്തിന് അയക്കുന്നത് വിവാദത്തില്‍. കോളജ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവിറക്കി. 70 സര്‍ക്കാര്‍ കോളജുകളിലെ ചെയര്‍മാന്‍മാരെയാണ് പരിശീലനത്തിന് ലണ്ടനിലേക്ക് അയക്കുന്നത്. സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി കൈമാറാതെ ഇരിക്കുകയാണ് സര്‍ക്കാര്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോഷകാഹാരം ഉറപ്പാക്കാനായി നടപ്പാക്കിയിരുന്ന മുട്ടയും പാലും പദ്ധതിയും പോലും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഖജനാവില്‍ നിന്ന് യാത്രയുടെ മുഴുവന്‍ ചെലവും വഹിച്ച് കുട്ടി നേതാക്കളെ വിദേശത്ത് വിടുന്നത്.

നേതൃത്വ പാടവം മെച്ചപ്പെടുത്താന്‍ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്. അടുത്തമാസമാണ് വിദേശയാത്ര. സംസ്ഥാനത്ത് കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത് ഇതാദ്യമായാണ്. കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി. പാസ്പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര.

കേന്ദ്രഫണ്ടുകൂടി ഉപയോഗിച്ചാണ് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയിരുന്നത്. ഡിപിഐയ്ക്ക് സര്‍ക്കാര്‍ കൈമാറുന്ന പണമാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്നത്. കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതും സാമ്പത്തികപ്രതിസന്ധിയും കാരണം മൂന്നുമാസമായി ഈ ഫണ്ട് കൈമാറിയിട്ടില്ല.

Tags:    

Similar News