മാവോവാദി രൂപേഷിനെതിരെ കര്‍ണാടകയില്‍ പുതിയ കേസ്; ജയില്‍ മോചനം അനന്തമായി നീട്ടാനുള്ള ഭരണകൂട ഗൂഢാലോചനയെന്ന് ഭാര്യ ഷൈന
കൊച്ചി: ജയില്‍ മോചനം അടുത്തിരിക്കുന്ന ഘട്ടത്തില്‍ കര്‍ണാടകയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് മാവോവാദി തടവുകാരന്‍ രൂപേഷിനെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാണിച്ച് പങ്കാളി ഷൈന രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷൈന രൂപേഷിനെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.
'എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നു. എന്നാല്‍ നടപ്പിലാക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകള്‍ ചുമത്തിയും അനാവശ്യവും തീര്‍ത്തും നിസ്സാരവുമായ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്ന തരത്തില്‍ ഇടപെട്ടു കൊണ്ട് ഭരണകൂടം രൂപേഷിന്റെ മോചനത്തെ പരമാവധി വൈകിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുവിക്കാനായി ഞങ്ങള്‍ ഓടി നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ കര്‍ണ്ണാടകയില്‍ നിന്നും ഈ പുതിയ കേസ് വരുന്നതെന്നും' ഷൈന ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
രൂപേഷ് ജാമ്യത്തില്‍ ഇറങ്ങുന്നത് വൈകിക്കാനുള്ള നീക്കത്തിന് ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഷൈന കുറ്റപ്പെടുത്തുന്നത്. 2012-ല്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മോചനം ഏറെക്കുറെ ഉറപ്പായ ഒരു ഘട്ടത്തില്‍ 13 വര്‍ഷത്തിനു ശേഷമാണ് രൂപേഷിനെ ഈ കേസില്‍ പ്രതി ചേര്‍ക്കുന്നതെന്നും ഷൈന കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരണകൂട ഗൂഢാലോചനയാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നതെന്നും ഇത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും നീതി നിഷേധവുമാണെന്നും ഷൈന വ്യക്തമാക്കുന്നുണ്ട്.
'2016-ഓടുകൂടി ഇന്ത്യയില്‍ നിന്നും മാവോവാദി പ്രസ്ഥാനത്തെ തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള, ഓപ്പറേഷന്‍ കഗാറിന്റെ ഭാഗമായി ആദിവാസി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന, അമിത് ഷായുടെ ഫാസിസ്റ്റ് നയങ്ങളുടെ തുടര്‍ച്ചയാണ് രൂപേഷിനെ പോലെ ജനങ്ങളുടെ പക്ഷത്തുനിന്നു പോരാടുന്ന ഒരു വിപ്ലവകാരിയെ അനന്തമായി ജയിലില്‍ അടച്ചുപൂട്ടിയിടുന്നതെന്നും' കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അനീതി നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവുമായ ഈ നടപടിക്കെതിരെ ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യസ്‌നേഹികളും രം?ഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഷൈന ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

